Connect with us

Articles

പരിവർത്തിത മുസ്‌ലിംകളോട് വിവേചനം?

പട്ടികജാതി വിഭാഗങ്ങള്‍ ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ പട്ടികജാതി പദവി തുടര്‍ന്നും ലഭ്യമാക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമായ സംവരണാനുകൂല്യങ്ങളൊക്കെയും അവര്‍ക്കും ലഭ്യമാക്കണം. ഒരു ദിവസത്തെ മതം മാറ്റത്തിലൂടെ ഇല്ലാതാകുന്നതല്ല പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന പരിതാപസ്ഥിതിയെങ്കില്‍ ഏത് സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും അതങ്ങനെ തന്നെയാണ്.

Published

|

Last Updated

സംവരണവുമായി ബന്ധപ്പെട്ട രണ്ട് നിലപാടുകള്‍ പോയവാരം വെളിപ്പെടുകയുണ്ടായി. പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നതിന് തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്നതാണ് അതിലൊന്ന്. രാജ്യത്തെ സംവരണ നയത്തിന്റെ അടിസ്ഥാനം സാമൂഹിക പിന്നാക്കാവസ്ഥയാണ്, മതമല്ല. ഒരു പിന്നാക്ക സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ലഭ്യമായ ഒ ബി സി സംവരണം പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു വാര്‍ത്തയില്‍ സവിശേഷമായി ഒന്നുമില്ലെന്നിരിക്കെ പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് പട്ടികജാതി സംവരണം ലഭ്യമാക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ സന്നദ്ധമാകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് പട്ടികജാതി സംവരണം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കേണ്ടത് എന്ന് പറയാം.

പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി സംവരണം വേണം. എന്തുകൊണ്ട്? മുന്നാക്ക സാമ്പത്തിക സംവരണത്തിലൂടെ രാജ്യത്തെ സംവരണ നയം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്ന ഒരു കാലത്ത് സാമൂഹിക മുഖ്യധാരയില്‍ ഉയര്‍ത്തേണ്ട ചോദ്യമാണിത്. ഹിന്ദു സമുദായത്തിന് പുറത്ത് സവിശേഷ അസ്തിത്വമുള്ളവരാണ് പട്ടികജാതി വിഭാഗങ്ങള്‍. അവര്‍ ഹിന്ദുക്കളായി പരിവര്‍ത്തനം ചെയ്താല്‍ അവര്‍ക്ക് പട്ടികജാതി സംവരണം തുടര്‍ന്നും ലഭിക്കുന്നുണ്ട്. ഭരണഘടനയുടെ 341ാം അനുഛേദത്തിന്റെ ബലത്തില്‍ ഭരണഘടന (പട്ടികജാതി) ഓര്‍ഡര്‍, 1950 പ്രകാരമാണ് പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഹിന്ദു സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് തുടര്‍ന്നും പട്ടികജാതി സംവരണം ലഭിക്കുന്നത്. പ്രസ്താവിത ഓര്‍ഡര്‍ ഭേദഗതി വരുത്തി 1956ല്‍ പരിവര്‍ത്തിത സിഖുകാര്‍ക്കും 1990ല്‍ പരിവര്‍ത്തിത ബുദ്ധര്‍ക്കും പട്ടികജാതി പദവി ലഭ്യമാക്കിയെങ്കിലും പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്കും ക്രൈസ്തവ വിശ്വാസത്തിലേക്കും മതം മാറ്റം നടത്തിയവര്‍ ഇപ്പോഴും പട്ടികജാതി സംവരണത്തിന് പുറത്തു തന്നെ. പ്രത്യുത സംവരണത്തിന് മതം മാനദണ്ഡമാകുന്നു എന്ന അപകടമാണ് ഇവിടെ നിലനില്‍ക്കുന്നത്. അത് വിവേചനപരവും ഭരണഘടനയുടെ 14, 15 അനുഛേദങ്ങളുടെ ലംഘനവുമാണ്.

ഇന്ത്യയിലെ സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക പിന്നാക്കാവസ്ഥയാണെന്ന് പറഞ്ഞല്ലോ. ചരിത്രപരമായി തന്നെ സമൂഹത്തിന്റെ പുറമ്പോക്കില്‍ തളച്ചിടപ്പെട്ട അധഃസ്ഥിത വിഭാഗങ്ങളെ മുഖ്യധാരാ സമൂഹത്തോടൊപ്പം ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമമായാണ് രാജ്യത്ത് സംവരണ സംവിധാനം ആരംഭിക്കുന്നത്. പില്‍ക്കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കപ്പുറത്തേക്ക് സംവരണാനുകൂല്യങ്ങള്‍ വികസിക്കാനിടവന്നത് പിന്നാക്ക സമുദായങ്ങളെയൊന്നാകെ ഉയര്‍ത്തിക്കൊണ്ടുവന്ന് സാമൂഹിക നീതി സാധ്യമാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ ചാലക ശക്തിയായി വര്‍ത്തിച്ചതാകട്ടെ, മണ്ഡല്‍ കമ്മീഷന്‍ കേസ് എന്നറിയപ്പെട്ട 1992ലെ ഇന്ദ്ര സാഹ്നി കേസുമാണ്. പ്രസ്തുത കേസിന്റെ വിധിയില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ ബി സി) സംവരണം ലഭ്യമാക്കാന്‍ തീര്‍പ്പുണ്ടായപ്പോള്‍ സംവരണേതര മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നാക്ക സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കാന്‍ സുപ്രീം കോടതി തയ്യാറായില്ലെന്നോര്‍ക്കണം. അതായത് സാമുദായികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നേരെയുള്ള അഫര്‍മാറ്റീവ് ആക്്ഷനാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണമെന്ന് ചുരുക്കം. അങ്ങനെയിരിക്കെ പട്ടികജാതി വിഭാഗങ്ങള്‍ ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ പട്ടികജാതി പദവി തുടര്‍ന്നും ലഭ്യമാക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമായ സംവരണാനുകൂല്യങ്ങളൊക്കെയും അവര്‍ക്കും ലഭ്യമാക്കണം. ഒരു ദിവസത്തെ മതം മാറ്റത്തിലൂടെ ഇല്ലാതാകുന്നതല്ല പട്ടികജാതി വിഭാഗങ്ങള്‍ ഇന്നുമനുഭവിക്കുന്ന പരിതാപസ്ഥിതിയെങ്കില്‍ ഏത് സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും അതങ്ങനെ തന്നെയാണ്. മുസ്‌ലിം സമുദായത്തില്‍ ജാതി വിവേചനമോ ഉച്ചനീചത്വമോ നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി സംവരണം നിഷേധിക്കാവതല്ല. മുസ്‌ലിം സമുദായത്തില്‍ ജാതി വിവേചനമില്ലെന്നതിനപ്പുറം പരിവര്‍ത്തനം കൊണ്ട് മാത്രം സാമൂഹിക സ്ഥിതി മാറുന്നില്ലെന്നിരിക്കെ മുഖ്യധാരാ സമൂഹത്തോടൊപ്പമെത്തുന്നത് വരെ മുസ്‌ലിമേതര പരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകുമെങ്കില്‍ പരിവര്‍ത്തിത മുസ്‌ലിംകളും അതിന് അര്‍ഹരാണ്.

പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി വേണമെന്ന് ഉറപ്പിച്ചു പറയാന്‍ ഒരു കാലത്തും മുസ്‌ലിം സമുദായം തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഒഴുക്കന്‍ മട്ടില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരാറുള്ള ആവശ്യത്തിനപ്പുറം ആത്മാര്‍ഥമായ ശ്രമങ്ങളില്ലാതെ പോകുന്നതിന് പിന്നിലെ ഹേതുകം എന്തായിരിക്കും. പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുന്നവരെ ദളിത് എന്ന സംജ്ഞ ചേര്‍ത്താണ് പരാമര്‍ശിക്കാറുള്ളത്. ദളിത് മുസ്‌ലിം, ദളിത് ക്രിസ്ത്യന്‍ എന്നൊക്കെ പറയുമ്പോള്‍ ദളിത് എന്ന പ്രയോഗത്തോടുള്ള താത്പര്യക്കുറവും സമുദായത്തെ ജാതീയമായി വേര്‍തിരിക്കുകയാണെന്ന അബദ്ധ ധാരണയുമാണ് സമുദായത്തിന്റെ വിമ്മിഷ്ടത്തിന് കാരണമെന്ന് കാണാം. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ നയത്തെ സംബന്ധിച്ച അജ്ഞതയാണതിന്റെ മുഖ്യ ഹേതു എന്ന് സൂക്ഷ്മ വായനയില്‍ മനസ്സിലാകും. അത് ഒരര്‍ഥത്തില്‍ സംവരണ വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണ്. പിന്നാക്ക സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് സംവരണം. അതാരുടെയും ഔദാര്യമല്ല. സംവരണവിരുദ്ധരായ സംഘ്പരിവാര്‍ എക്കാലത്തും പ്രചരിപ്പിക്കാറുള്ളത് സാമുദായിക സംവരണം അസ്പൃശ്യതക്കുള്ള പാരിതോഷികമാണെന്നാണ്. പിന്നാക്ക വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഭീതിയോടെ കാണുന്ന സവര്‍ണ വിഭാഗങ്ങളുടെ കോളാമ്പിയായാണ് “അസ്പൃശ്യതാ സിദ്ധാന്തം’ സംഘ്പരിവാര്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാല്‍ മുന്നാക്ക സാമ്പത്തിക സംവരണത്തിലൂടെ സംവരണാനുകൂല്യങ്ങളെ വെടക്കാക്കി തനിക്കാക്കുകയായിരുന്നു സംഘ്പരിവാറും സവര്‍ണ വിഭാഗങ്ങളും. ഉച്ചനീചത്വത്തിനുള്ള സമ്മാനമാണ് സംവരണമെന്ന മനോനിലയുടെ ഭാഗമാണ് പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് തുടര്‍ന്നും പട്ടികജാതി പദവി വേണമെന്ന് ഉശിരോടെ പറയുന്നതില്‍ നിന്ന് സമുദായത്തെ പിന്നോട്ട് വലിക്കുന്ന ഘടകമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അങ്ങനെയിരിക്കെ സാമൂഹിക നീതിയുടെ പുതിയ വിളംബരം തമിഴ്‌നാട്ടിലെ ഡി എം കെ സര്‍ക്കാറില്‍ നിന്നുണ്ടാകുന്നുവെങ്കില്‍ ശുഭോദര്‍ക്കം തന്നെ.
എസ് സി ഇ ആര്‍ ടിയുടെ പതിനൊന്നാം ക്ലാസ്സ് ഹിസ്റ്ററിയിലെ സോഷ്യല്‍ വര്‍ക്ക് പാഠപുസ്തകത്തില്‍ ഇരിപ്പുറപ്പിച്ച സംവരണ വിരുദ്ധ പരാമര്‍ശമാണ് പോയവാരം ഉയര്‍ന്നു വന്ന മറ്റൊരു സംവരണ ചര്‍ച്ച. പ്രസ്തുത ഭാഗം നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2014 മുതല്‍ പഠിപ്പിച്ചു വരുന്നതാണെന്നും സര്‍ക്കാറിന് അതുമായി ബന്ധമില്ലെന്നും പറഞ്ഞ് നിര്‍ത്തുകയായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അത്തരമൊരു നിലപാട് തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ പക്ഷത്ത് നിന്ന് വേറെ ആരും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല പറയുകയുമില്ല. സാമുദായിക സംവരണം വര്‍ഗീയത വളര്‍ത്തുമെന്നും വേണ്ടത് സാമ്പത്തിക സംവരണമാണെന്നുമുള്ളത് ഇടതുപക്ഷത്തിന്റെ കൂടി നിലപാടാണ്. പാഠപുസ്തകത്തിലെ പരാമര്‍ശവുമായി സംസ്ഥാന സര്‍ക്കാറിന് ബന്ധമില്ലെങ്കില്‍ പോലും അതിനോട് വിയോജിപ്പുണ്ടാകാന്‍ തരമില്ല. സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന നിലപാട് നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണ നയത്തെ അട്ടിമറിക്കുന്ന സമീപനമാണ്. സംവരണ ലഭ്യതക്ക് സാമ്പത്തിക നില മാത്രമാണ് മാനദണ്ഡം എന്ന് വരുമ്പോള്‍ രാജ്യത്തെ സംവരണ നയം രൂപപ്പെട്ടുവന്ന ചരിത്ര യാഥാര്‍ഥ്യങ്ങളെയെല്ലാം കുഴിവെട്ടി മൂടുകയാണ് ചെയ്യുന്നത്. സാമൂഹിക നീതിയെക്കുറിച്ച് കണിശ ബോധമുള്ള രാജ്യത്തെ ഇടതുപക്ഷം സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ശക്തമായി നിലകൊള്ളുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ പ്രത്യയശാസ്ത്ര വരട്ടുതത്ത്വവാദം എന്നേ പറയാനൊക്കൂ. ഇന്ത്യന്‍ സാമൂഹിക ജീവിത യാഥാര്‍ഥ്യത്തെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യുന്നതിന് പകരം തങ്ങളുടെ പ്രത്യയശാസ്ത്രത്തിനൊപ്പിച്ച് രാജ്യത്തെ അധഃസ്ഥിത ജനജീവിതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതിനാലാണ് മുന്നാക്ക സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുന്നതിനെക്കുറിച്ച് വ്യക്തതയുള്ള മറുപടി നല്‍കാന്‍ കഴിയാത്തതിന് കാരണവും അതു തന്നെ. സാമുദായിക സംവരണത്തെ ആത്മാര്‍ഥമായി അംഗീകരിക്കാനും അതിനെ ശക്തിപ്പെടുത്തുന്ന ജാതി സെന്‍സസ് കാര്യക്ഷമമായി നടത്താനും സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു സംവിധാനമായി ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണ നയത്തെ പൂര്‍ണാര്‍ഥത്തില്‍ സ്വീകരിക്കാനും ഇടതുപക്ഷം തയ്യാറായാല്‍ അത് രാജ്യത്തെ രാഷ്ട്രീയ ഘടനയെ തന്നെ സ്വാധീനിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.