International
ചര്‍ച്ചകള്‍ സജീവം; ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടനെന്ന് പ്രസിഡന്റ്
ഈയാഴ്ച തന്നെ പുതിയ പ്രധാന മന്ത്രിയും മന്ത്രിസഭയും അധികാരത്തില്‍ വരും.
കൊളംബോ | ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ. ഈയാഴ്ച തന്നെ പുതിയ പ്രധാന മന്ത്രിയും മന്ത്രിസഭയും അധികാരത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ശ്രീലങ്കയില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതിനെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാകാതെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി. പ്രസിഡന്റിന്റെയും പ്രധാന മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അടുത്തിയെ രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യുവും അടിയന്തരാവസ്ഥയുമെല്ലാം പ്രഖ്യാപിച്ചെങ്കിലും ജനകീയ പ്രക്ഷോഭം ശക്തമായതോടെ രജപക്സെ രാജിവെച്ചൊഴിയുകയായിരുന്നു.
മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ സ്ഥിതിയാണ്. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്സെയുടെ കുരുനഗലയിലെ വീടിന് തീയിട്ടു. എം പിമാരായ മഹിപാല ഹെറാത്തിന്റെയും ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെയും വീടുകളും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സര്‍ക്കാര്‍ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണപക്ഷ എം പി അമരകീര്‍ത്തി അത്തുകോറളയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. സംഘര്‍ഷത്തില്‍ 16 പേര്‍ക്കു പരുക്കേറ്റു. തന്റെ കാര്‍ തടഞ്ഞവര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം അമരകീര്‍ത്തി ഒരു കെട്ടിടത്തില്‍ അഭയം തേടിയിരുന്നു. ഇവിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.