Connect with us

cancer treatment

അര്‍ബുദ ചികിത്സാ ചെലവ് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം

ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് യുഎസില്‍ തുറന്നു; മെഡിക്കല്‍ ചികിത്സാ, ഗവേഷണ രംഗങ്ങളില്‍ ആഗോള സഹകരണം ലക്ഷ്യം

Published

|

Last Updated

ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുന്നു. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലില്‍ വേദിയില്‍.

അബൂദബി | ചികിത്സാ ഗവേഷണ രംഗങ്ങളില്‍ ആഗോള തലത്തിലുള്ള മുന്നേറ്റത്തിനായി യു എസില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ന്യൂയോര്‍ക്കില്‍ ആരംഭിച്ച ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണവും ആഗോള തലത്തിലുള്ള സഹകരണവുമാണ് ലക്ഷ്യമിടുന്നത്.

യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ കമ്മീഷണര്‍ ഡോ. അശ്വിന്‍ വാസന്‍, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ.ഒഫിറ ജിന്‍സ്ബര്‍ഗ് തുടങ്ങിയവര്‍ ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് മികച്ച ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരെ കണ്ടെത്താനും അതിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗവേഷണം എന്നീ മേഖലകളില്‍ നൂതന മാറ്റത്തിനുമാണ് പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. യു എ ഇയും ആഗോള പങ്കാളികളുമായുള്ള ആഴത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കും.

ബുര്‍ജീലിന്റെ ചികിത്സാ, ഗവേഷണ മേഖലകള്‍ക്ക് കരുത്തേകാനും ആഗോള ആരോഗ്യ സേവനദാതാവെന്ന നിലയിയില്‍ പ്രാമുഖ്യം ഉയര്‍ത്താനും ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയൊരുക്കും. പ്രമുഖ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരിക്കുക, അന്താരാഷ്ട്ര തലത്തില്‍ ബുര്‍ജീലിന്റെ സംഭാവനകള്‍ വര്‍ധിപ്പിക്കുക, ചികിത്സയിലും സാങ്കേതിക വിദ്യയിലും മുന്നേറ്റങ്ങള്‍ ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ബുര്‍ജീല്‍ യു എസില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആഗോള കൂട്ടായ്മ അനിവാര്യമാണെന്നും ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് അതിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു.