Connect with us

nedumbassery

കമ്പനികളുമായി ചർച്ച; കൊച്ചി- ന്യൂസിലാൻഡ് വിമാന സർവീസ് വരുന്നു

ആസ്‌ത്രേലിയ സർവീസിനും നീക്കം

Published

|

Last Updated

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ സിയാൽ ശ്രമമാരംഭിച്ചു. ഇതിനായി വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളുമായി സിയാൽ അധികൃതർ ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ എയർ ഇന്ത്യ മാത്രമാണ് യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. എല്ലാ ബുധനാഴ്ചകളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യയുടെ സർവീസ്. ഇതിന് പുറമെ ന്യൂസിലാൻഡ് സർവീസ് കൂടി ആരംഭിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കൂടാതെ ആസ്‌ത്രേലിയയിലേക്ക് സർവീസ് തുടങ്ങാനും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്ന് ഒരു യൂറോപ്യൻ രാജ്യത്തേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക വിമാനത്താവളമാണ് നെടുമ്പാശ്ശേരി. നേരിട്ടുള്ള ലണ്ടൻ സർവീസിന് വൻ സ്വീകാര്യത ലഭിച്ചതോടെയാണ് ഈ മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ശ്രമം ഊർജിതമാക്കിയത്.

യൂറോപ്പിലേക്കുള്ള വിമാന സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും ലാൻഡിംഗ് ഫീസ് ഒഴിവാക്കാനും സിയാൽ തീരുമാനിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര കാരിയറുകളുടെ ഹബ് ആക്കി മാറ്റുകയാണ് സിയാലിന്റെ ലക്ഷ്യം. അടുത്ത വർഷത്തോടെ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ.