Kerala
ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച വിഫലം; നാളത്തെ നിരാഹാര സമരത്തിലുറച്ച് ആശമാർ
സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ നാളെ നിരാഹര സമരം തുടങ്ങാനിരിക്കെ ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. എൻ്റെ ആശമാരെ വെയിലത്തുനിർത്തുന്നതിൽ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടതായും നേതാക്കൾ പറഞ്ഞു.
വൈകിട്ട് 3.30ന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആശാ പ്രവര്‍ത്തകരെ പ്രതിനീധികരിച്ച് അഞ്ച് പേരാണ് പങ്കെടുത്തത്. രണ്ടാം തവണയാണ് മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി സമര സമിതി നേതാക്കളോട് അഭ്യര്‍ഥിച്ചു.
21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ തന്നെയാണ് സമരക്കാര്‍ മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചില്ല.
സമരക്കാരുടെ ആവശ്യം അനുഭാവപൂര്‍വം കേട്ടെന്നും വര്‍ഷങ്ങളായി കേന്ദ്രം ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിട്ടില്ലെന്നും യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത് അത്യന്തം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാര്‍ പ്രതിഷേധ പ്രകടനം നടത്തി. രാവിലെ നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നടത്തിയ ചർച്ചയും പരാജയമായിരുന്നു. നാളെ രാവിലെ 11 മണിമുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് ആശമാരുടെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് നിരാഹാര സമരം.
രാപ്പകല്‍ സമരം 36ാം ദിവസത്തിലേക്ക് കടന്ന ദിവസമായ തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെ രാപ്പകല്‍ സമരവേദിയില്‍ വെച്ചാണ് ഈ മാസം 20 മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.