Kerala
തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹരജി തള്ളി; ദിലീപിന് തിരിച്ചടി
തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ദിലീപിനും കൂട്ടുപ്രതി ശരത്തിനുമെതിരായ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നല്‍കിയ ഹരജി കോടതി തള്ളി. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസാണ് ഹരജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ഇരുവര്‍ക്കുമെതിരായ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി.കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ കേസ് 31ന് വീണ്ടും പരിഗണിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നുമായിരുന്നു പ്രതികളുടെ ആരോപണം. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ദിലീപിനെതിരെ ആദ്യ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയെന്നാണ് പുതിയ കുറ്റാരോപണം. മുംബൈയിലെ ലാബില്‍ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തില്‍ ചുമത്തിയിട്ടുള്ളത്. നടിയുടെ അപകീര്‍ത്തിപ്പെടുത്തുന്ന രൂപത്തിലുള്ള ദൃശ്യങ്ങള്‍ ഐപാഡിലാക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
വിധിയില്‍ സന്തോഷം: ബാലചന്ദ്രകുമാര്‍
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. എത്രയും വേഗം വിചാരണ ആരംഭിച്ച് വിധി വരണമെന്നാണ് ആഗ്രഹം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ട്. എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.