From the print
തര്‍ക്കം പട്ടിക്കാട് ജാമിഅയിലേക്ക്; ഭരണം ഏറ്റെടുക്കാന്‍ മുശാവറക്ക് അധികാരം
സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ഇ കെ വിഭാഗം മുശാവറ അംഗം കൂടിയായ അസ്ഗറലി ഫൈസിയെ പുറത്താക്കിയ വിഷയമാണ് ജാമിഅയിലേക്ക് കേന്ദ്രീകരിക്കുന്നത്.

കോഴിക്കോട് | ഇ കെ വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള പോര് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അവകാശത്തര്‍ക്കത്തിലേക്ക് കടക്കുന്നു. സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ഇ കെ വിഭാഗം മുശാവറ അംഗം കൂടിയായ അസ്ഗറലി ഫൈസിയെ പുറത്താക്കിയ വിഷയമാണ് ജാമിഅയിലേക്ക് കേന്ദ്രീകരിക്കുന്നത്. ബിദ്ഈ കക്ഷികളുമായുള്ള സൗഹൃദത്തെ പരാമര്‍ശിച്ച് മുസ്ലിം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ നടന്ന കൈക്കൊണ്ട ലീഗ് വിരുദ്ധ പക്ഷത്തിനെതിരെയുള്ള പകപോക്കലായാണ് മറുവിഭാഗം വിലയിരുത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സമസ്തയുടേതാണെന്ന് പ്രസംഗിച്ച നേതാക്കള്‍ മറുപക്ഷത്തെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്.
ജാമിഅ നൂരിയ്യയുടെ ഭരണ സമിതി സമസ്ത മുശാവറയുടെ അധീനതയിലാണെന്നും പ്രവര്‍ത്തക സമിതിയും ജനറല്‍ ബോഡിയും പിരിച്ചുവിടാന്‍ പോലും മുശാവറക്ക് അധികാരമുണ്ടെന്നുമാണ് ജാമിഅ നൂരിയ്യക്കു വേണ്ടി 1963ല്‍ തയ്യാറാക്കിയ ഭരണഘടന ഉയര്‍ത്തിക്കാട്ടി ഇ കെ വിഭാഗം ഓര്‍മപ്പെടുത്തുന്നത്. ഭരണഘടനയില്‍ പേജ് ആറിലെ ജനറല്‍ബോഡി എന്ന ഖണ്ഡികയില്‍ സമസ്ത ശരിയാം വണ്ണം ശിപാര്‍ശ ചെയ്യുന്ന മെമ്പര്‍മാരെ മാത്രമേ ജനറല്‍ബോഡിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്നാണ് പരാമര്‍ശം. കൂടാതെ, മുശാവറ നിര്‍ദേശിക്കുന്ന 11 അംഗങ്ങളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയും വേണം. ഒരു ഘട്ടത്തില്‍ പ്രവര്‍ത്തക സമിതിയെ സസ്പെന്‍ഡ് ചെയ്യാനും സ്ഥാപനത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ പോലും സമസ്തക്ക് അധികാരം നല്‍കുന്നുണ്ട്.
ഭരണഘടന ഭേദഗതി ചെയ്യാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തക സമിതിക്ക് അധികാരമുണ്ടെങ്കിലും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് എതിരായുള്ള ഭേദഗതിക്ക് സാധുത ഉണ്ടാകില്ലെന്നാണ്് നിയമങ്ങളും ഭേദഗതികളുമെന്ന പതിനഞ്ചാമത്തെ ഖണ്ഡികയിലെ പരാമര്‍ശം. നാല്‍പ്പതംഗ മുശാവറയില്‍ നിലവില്‍ 34 പേരാണ് യോഗങ്ങളില്‍ സജീവം. ഇതില്‍ ലീഗ് പക്ഷത്തുള്ള മുസ്തഫല്‍ ഫൈസിക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. ബിദ്ഈ കക്ഷികളുടെ ഇഫ്ത്വാറിലും മറ്റും നേതാക്കള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് അസ്ഗറലി ഫൈസിക്ക് നടപടി നേരിടേണ്ടി വന്നതെന്നിരിക്കെ ജാമിഅയുടെ പൂര്‍ണ അധികാരമുള്ള മുശാവറ ഈ സാഹചര്യത്തെ ഏത് രീതിയില്‍ വിലയിരുത്തുമെന്നത് അടുത്ത മുശാവറ യോഗത്തിലേ വ്യക്തമാകുകയുള്ളൂ. റമസാനിനു ശേഷം മുശാവറ ഉടന്‍ ചേരുമെന്നാണ് വിവരം.
വിഭാഗീയ പ്രചാരണത്തിന് പള്ളികളെയും വേദിയാക്കുന്നു
മലപ്പുറം | അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേത്തിന് മറുപടിയായി നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിന് പള്ളികളെയും വേദിയാക്കുന്നു. 14ന് ലീഗ് അനുകൂലികള്‍ നടത്തുന്ന പൈതൃക സമ്മേളനം വിജയിപ്പിക്കാന്‍ ഇന്ന് പള്ളികളില്‍ ഉദ്ബോധനം നടത്താന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഹാജി യു മുഹമ്മദ് ശാഫി എന്നിവരുടെ പേരില്‍ അഭ്യര്‍ഥന പുറത്തിറക്കി.
നസമ്മേളനം വിജയിപ്പിക്കാന്‍ സ്ഥാപനത്തില്‍ ഇന്നലെ നടന്ന ലീഗ് അനുകൂലികളുടെ പൈലറ്റ് സംഗമം തീരുമാനിച്ചു. ‘നേരത്തേ ഇവര്‍ വാഫി സംവിധാനത്തെ തകര്‍ത്തു, ഇപ്പോള്‍ അവര്‍ ജാമിഅയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്’ യോഗത്തില്‍ ആമുഖഭാഷണം നടത്തിയ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം പറഞ്ഞു. അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെ വടിയാക്കി ജാമിഅയെ തളര്‍ത്താനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഗമം ഇ മൊയ്തീന്‍ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്തു. സി എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ബി എസ് കെ തങ്ങള്‍ എടവണ്ണപ്പാറ, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി, പി എ ജബ്ബാര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, മുഹമ്മദ് ഫൈസി അടിമാലി, സലീം എടക്കര, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അലവി ഫൈസി കൊളപ്പറമ്പ്, ഒ ടി മുസ്തഫ ഫൈസി മുടിക്കോട്, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഹൈതമി നെന്മിനി, ഉമര്‍ ഫൈസി മുടിക്കോട്, സയ്യിദ് ഹമീദലി തങ്ങള്‍ പാണ്ടിക്കാട്, എ കെ മുസ്തഫ, നാസര്‍, അബൂബക്കര്‍ ഫൈസി വള്ളിക്കാപറ്റ പ്രസംഗിച്ചു.
വിഭാഗീയത പള്ളികളിലേക്ക് എത്തുന്നതിനെ ആശങ്കയോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്. നേരത്തേ വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികളില്‍ ബോധവത്കരണം നടത്താന്‍ ലീഗ് നേതൃത്വത്തില്‍ തീരുമാനം എടുത്തിരുന്നു. അന്ന് ഇ കെ വിഭാഗം ആ തീരുമാനം തള്ളുകയായിരുന്നു. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു നിലപാട്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിക്കും വിഭാഗീയതക്കും പള്ളികളെ വേദിയാക്കുന്നതിനെതിരെ ലീഗ് വിരുദ്ധ പക്ഷത്തിന് അമര്‍ഷമുണ്ട്. കഴിഞ്ഞ ഏഴിന് അസ്ഗറലി ഫൈസിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു.