Articles
അയോഗ്യതാ നീക്കവും അധികാര ദുര്‍വിനിയോഗവും
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ പുതിയ നടപടികള്‍ക്ക് കേവലം തിരഞ്ഞെടുപ്പ് തന്ത്രങ്ങളേക്കാള്‍ വലിയൊരു വശമുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ മാനനഷ്ടക്കേസിന്റെ കാതല്‍, അദ്ദേഹം ഒരു സമൂഹത്തെയാകെ അവഹേളിച്ചു എന്നല്ല, മറിച്ച് പ്രധാനമന്ത്രിയുടെ വ്യവസായ കൂട്ടുകെട്ടിലെ ചില പ്രമുഖരെ അദ്ദേഹം വിമര്‍ശിക്കുകയും അതില്‍ ചിലര്‍ക്ക് മോദിയുടെ സമാനമായ പേര് വരികയും ചെയ്തു എന്നതാണ്.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുല്‍ ഗാന്ധിയെ പാര്‍ലിമെന്റ് സീറ്റില്‍ നിന്ന് അയോഗ്യനാക്കിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നിമിഷമാണ്. 2019ലെ കര്‍ണാടക പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ കേന്ദ്രമാക്കി ഗുജറാത്തിലെ ഒരു ബി ജെ പി നിയമസഭാംഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ നീക്കം. നിയമം, രാഷ്ട്രീയം, ഇന്ത്യന്‍ ജനാധിപത്യം എന്നിവയെ ബാധിക്കുന്ന നിര്‍ണായക ഘട്ടമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടത്.
വഞ്ചന, അഴിമതി, അക്രമാസക്തത തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള നിയമത്തെ വളച്ചൊടിച്ച് അയോഗ്യനാക്കുകയാണ് ഈ സംഭവത്തില്‍ നടന്നത്. നിലവിലെ കേസില്‍, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം, അയോഗ്യതാ വ്യവസ്ഥക്ക് ആവശ്യമായ ആരോപണങ്ങള്‍ രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. ഈ കേസ് തന്നെ സംശയാസ്പദമാണ്. നിയമ പണ്ഡിതനായ ഗൗതം ഭാട്ടിയ ഒരു ട്വീറ്റില്‍ സൂചിപ്പിച്ചതുപോലെ, ‘ഒരു വ്യക്തിയെ നേരിട്ട് പരാമര്‍ശിക്കാതെ പൊതുവായുള്ള വിമർശം കേസിന് പരിഗണനീയമല്ല’. ഇത്തരമൊരു വിധി, തിരഞ്ഞെടുക്കപ്പെട്ട മറ്റു പല ജനപ്രതിനിധികള്‍ക്കെതിരെയും, വിവിധ തരത്തിലുള്ള മാനനഷ്ടക്കേസുകള്‍ക്ക് വാതില്‍ തുറക്കുന്നുണ്ട്.
രാഷ്ട്രീയ രംഗത്ത്, ഈ അയോഗ്യത രാഹുല്‍ ഗാന്ധിയെ 2024ല്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുമായിരിക്കും. എന്നിരുന്നാലും, ജയിലിലടക്കാത്ത കാലത്തോളം ഇത് അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍ക്ക് തടസ്സമാകുകയില്ല. ജയിലിലടക്കപ്പെട്ടാലും രാഹുല്‍ ഗാന്ധിയുടെ ശക്തമായ പ്രതിച്ഛായ പ്രതിപക്ഷത്തിന് വളരെ ഉപകാരപ്രദമായി ഉപയോഗിക്കാന്‍ കഴിയും. രാഷ്ട്രീയ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി പ്രഹരിക്കാന്‍ സംഘ്പരിവാര്‍ ഒരു വശത്ത് ശ്രമം നടത്തുന്നു. മറുവശത്ത് ബി ജെ പി അവകാശപ്പെടുന്ന പ്രിവിലേജിനും രാജവംശത്തിനും എതിരെ പോരാടുന്ന രാഷ്ട്രീയക്കാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ പരിഹാസത്തിന്റെ പ്രതിരൂപമായും ബി ജെ പിക്ക് ആവശ്യമുണ്ട്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളെക്കുറിച്ചുള്ള സമീപകാല വിമര്‍ശങ്ങള്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈവിധം രാഹുലിനെ തങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ നിന്ന് വിരുദ്ധമായി അദ്ദേഹത്തെ സമൂഹം മനസ്സിലാക്കരുതെന്ന നിര്‍ബന്ധബുദ്ധി ബി ജെ പിക്കുണ്ട്. ബി ജെ പി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉന്നയിച്ച ഭാരത് ജോഡോ യാത്രയിലൂടെ സമീപ മാസങ്ങളില്‍, രാഹുല്‍ ഗാന്ധി പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ശക്തമായ മുന്നേറ്റം പ്രധാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ നിന്നും റാലികളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനുള്ള കഴിവ് രാഹുല്‍ ഗാന്ധി പ്രകടമാക്കിയിരുന്നു. അതോടൊപ്പം പൊതുജന വിശ്വാസ്യത നേടുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ പുതിയ നടപടികള്‍ക്ക് കേവലം തിരഞ്ഞെടുപ്പ് തന്ത്രങ്ങളേക്കാള്‍ വലിയൊരു വശമുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ മാനനഷ്ടക്കേസിന്റെ കാതല്‍, അദ്ദേഹം ഒരു സമൂഹത്തെയാകെ അവഹേളിച്ചു എന്നല്ല, മറിച്ച് പ്രധാനമന്ത്രിയുടെ വ്യവസായ കൂട്ടുകെട്ടിലെ ചില പ്രമുഖരെ അദ്ദേഹം വിമര്‍ശിക്കുകയും അതില്‍ ചിലര്‍ക്ക് മോദിയുടെ സമാനമായ പേര് വരികയും ചെയ്തു എന്നതാണ്. ഈ ആരോപണങ്ങളോടുള്ള പ്രതികരണം ബി ജെ പി നിര്‍വഹിച്ചത് എങ്ങനെയാണ്? ആരോപണം ഉന്നയിച്ചവരെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ ബി ജെ പി തയ്യാറായില്ല. പാര്‍ലിമെന്റ് ഉള്‍പ്പെടെയുള്ള നിയമാനുസൃതമായ സംവിധാനങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്തില്ല. മറിച്ച് ഈ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നവരെ ആക്രമിക്കുക എന്നതാണ് ബി ജെ പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് നേരേയുള്ള ഏത് രൂപത്തിലുള്ള വിമര്‍ശത്തിനെതിരെയും ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ ലക്ഷ്യം വെക്കാന്‍ നിയമമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും ഇവര്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയെയും പ്രധാനമന്ത്രിയെയും പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിച്ച പൗരന്മാര്‍ക്കെതിരെ ഡസന്‍ കണക്കിന് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഇതില്‍ ഒന്ന് മാത്രമാണ്.
പ്രധാനമന്ത്രിക്കെതിരായ വിമര്‍ശങ്ങള്‍ ഇന്ത്യക്കെതിരെ മൊത്തത്തിലുള്ള ആക്രമണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. നാല് പതിറ്റാണ്ട് മുമ്പ് ഇന്ദിരാ ഗാന്ധിയോടുള്ള എതിര്‍പ്പിനെ ഇല്ലാതാക്കാന്‍ ഉപയോഗിച്ച ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഇവര്‍ ഇതിലൂടെ പുതുജീവന്‍ നല്‍കുന്നത്. ഇന്ന് ഈ നീക്കങ്ങള്‍ നടത്തുന്നവരില്‍ ചിലര്‍ മുമ്പ് അത് അനുഭവിച്ച അതേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണ് എന്നതും വിരോധാഭാസമാണ്. ഭിന്നാഭിപ്രായങ്ങളോടുള്ള ഈ അസഹിഷ്ണുത കഴിഞ്ഞ ദശകം മുതല്‍ ഇന്ത്യയില്‍ വളര്‍ന്നുവരികയാണ്. ഇത് അധികാരത്തിന്റെ അതിവ്യക്തിവത്കരണത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യയുള്‍പ്പെടെയുള്ള പല ജനാധിപത്യ രാജ്യങ്ങളിലും ഭരിക്കുന്നവരെ വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഉറപ്പുനല്‍കിയിട്ടുണ്ട്. ജനാധിപത്യ സിദ്ധാന്തത്തില്‍, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് മത്സരിക്കാനും ഭരിക്കുന്നവരെ കൃത്യമായി വിമര്‍ശിക്കാനും അവകാശമുണ്ട്.
രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതിയാണ് കണ്ടെത്തിയതെന്നും ഇത് രാഷ്ട്രീയ വിധിയല്ലെന്നുമാണ് വാദം. എന്നാല്‍ ഹരജിക്കാരന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ പെട്ടയാളാണെന്നതും ബി ജെ പിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് ജഡ്ജിമാര്‍ കേസ് പരിഗണിച്ചതെന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.
സമീപ മാസങ്ങളില്‍, പ്രതിപക്ഷത്തിന്റെ പ്രധാനപ്പെട്ട പല വ്യക്തികളെയും കോടതികള്‍ ശകാരിച്ചിട്ടുണ്ട്. അതേസമയം, സമാനമായ ആരോപണത്തിന് വിധേയരായ ഭൂരിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ അതേ പരിശോധനക്ക് വിധേയരായിട്ടില്ല. നിയമവാഴ്ചക്ക് രണ്ട് അടിസ്ഥാന വശങ്ങളുണ്ട്. ആദ്യത്തേത്, നിയമങ്ങള്‍ വ്യക്തിരഹിതമായി പ്രയോഗിക്കണം. അതായത് നിയമത്തിന് മുമ്പിലുള്ള സമത്വം പ്രധാനമാണ്. രണ്ടാമത്തേത്, അധികാരത്തിലിരിക്കുന്നവര്‍, നിയമം പ്രയോഗിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ചുമതലയുള്ളവര്‍, തുല്യ അളവില്‍ അതിന് വിധേയരാകണമെന്നതാണ്.
ഒരു ഭരണത്തെ ജനാധിപത്യപരമാക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ പോരാടി അധികാരം കൈക്കലാക്കുന്നുവെന്നത് മാത്രമല്ല. അധികാരത്തിലിരിക്കുമ്പോള്‍ അത് ജനാധിപത്യ മര്യാദകള്‍ എത്രത്തോളം പാലിക്കുന്നു അല്ലെങ്കില്‍ പാലിക്കുന്നില്ല എന്നതും കൂടി കണക്കിലെടുത്താണ്. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും സംവിധാനങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോള്‍ അത് അധികാര ദുര്‍വിനിയോഗമായി മാറുകയാണ്.
കടപ്പാട്: ദി വയര്‍
പരിഭാഷ: മുജ്തബി സി ടി