Connect with us

National

രാഹുലിനെ അയോഗ്യനാക്കിയ സംഭവം: യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ജന്തര്‍ മന്തറില്‍ ധര്‍ണയായാണ് പ്രതിഷേധം തുടങ്ങിയത്. കൂടുതല്‍ ആളുകള്‍ എത്തിയതോടെ ധര്‍ണ പാര്‍ലമെന്റ് മാര്‍ച്ചായി മാറി.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ഡല്‍ഹി ജന്തര്‍ മന്ദറിലെത്തിയിരുന്നു. ജന്തര്‍ മന്തറില്‍ ധര്‍ണയായാണ് പ്രതിഷേധം തുടങ്ങിയത്. കൂടുതല്‍ ആളുകള്‍ എത്തിയതോടെ ധര്‍ണ പാര്‍ലമെന്റ് മാര്‍ച്ചായി മാറി.

യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി.വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാച്ച് ജന്തര്‍ മന്തറിന്റെ ഗേറ്റിലെത്തിയപ്പോള്‍ പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് തടഞ്ഞു. പൊലീസും സി.ആര്‍.പി.എഫും മാര്‍ച്ച് തടയാനായി ഒരുങ്ങിയിരുന്നു. നരിവധി ബസുകളിലായാണ് പൊലീസ് എത്തിയത്. മാര്‍ച്ച് തടയാനായി പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രതീകാത്മ പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞു. പണമുള്ള അദാനിക്കും അംബാനിക്കും വേണ്ടിയുള്ള സര്‍ക്കാറാണ് ഇതെന്നും പട്ടിണിപ്പാവങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബാരിക്കേഡുകള്‍ മറികടന്നു പേകാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി. പ്രതിഷേധത്തിനായി കൊണ്ടു വന്ന പണപ്പെട്ടി പൊലീസ് കൊണ്ടുപോയി. പ്രവര്‍ത്തകരെ ബസില്‍ കയറ്റി കൊണ്ടുപോയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. നിലവില്‍ പ്രതിഷേധം തുടരുകയാണ്.

 

 

 

 

Latest