National
ഹിമാചൽപ്രദേശിൽ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു
ഫെബ്രുവരി 29ലെ സംസ്ഥാന നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടെ തീരുമാനത്തിനെതിരെയാണ് മുൻ എംഎൽഎമാർ ഹർജി നൽകിയത്.
ന്യൂഡൽഹി | ഹിമാചൽ പ്രദേശിൽ അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെ അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരും സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി 29ലെ സംസ്ഥാന നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടെ തീരുമാനത്തിനെതിരെയാണ് മുൻ എംഎൽഎമാർ ഹർജി നൽകിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത വിമത എംഎൽമാർ, ഇതിനു പിന്നാലെ നിയമസഭയിൽ ധനകാര്യ ബില്ലിലും സർക്കാർ വിരുദ്ധ സമീപനം സ്വീകരിച്ചിരുന്നു. സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യനുള്ള വിപ്പ് ലംഘിച്ചതോടെയാണ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്.
രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ.
ഇവരുടെ അയോഗ്യതയെ തുടർന്ന് സഭയിലെ അംഗബലം 68ൽ നിന്ന് 62 ആയി കുറഞ്ഞപ്പോൾ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 40ൽ നിന്ന് 34 ആയി ചുരുങ്ങി.