Connect with us

Articles

വയനാട്ടില്‍ നിന്ന് റായ്ബറേലിയിലേക്കുള്ള ദൂരം

ദക്ഷിണേന്ത്യയിലേക്ക് മുങ്ങി എന്ന ബി ജെ പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാര്‍ഥിത്വം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചില ചലനങ്ങള്‍ക്ക് ഇത് കാരണമാകും.

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ്സിന്റെ ദേശീയ പ്രചാരണങ്ങള്‍ക്കും “ഇന്ത്യ’ മുന്നണിക്കും സഹായകമാകാന്‍ സാധ്യത ഏറെയാണ്.

80 പാര്‍ലിമെന്റ് സീറ്റുകള്‍ ഉള്ള ഉത്തര്‍ പ്രദേശിന് തന്നെയാകും രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ഏറ്റവും നിര്‍ണായക സ്ഥാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ച യു പിയിലെ ഏക മണ്ഡലമാണ് റായ്ബറേലി. 2019ല്‍ 5,34,918 വോട്ട് നേടി കോണ്‍ഗ്രസ്സിലെ സോണിയാ ഗാന്ധി ബി ജെ പിയുടെ ദിനേശ് പ്രതാപ് സിംഗിനെ പരാജയപ്പെടുത്തി. 3,67,740 വോട്ടാണ് ബി ജെ പി സ്ഥാനാര്‍ഥി നേടിയത്. സോണിയക്ക് 1,67,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം.

2014ലെ ഭൂരിപക്ഷമായ മൂന്നര ലക്ഷത്തില്‍ നിന്നാണ് കാര്യമായ കുറവുണ്ടായത് എന്നതില്‍ നിന്ന് മനസ്സിലാക്കാം, റായ്ബറേലി കോണ്‍ഗ്രസ്സിന് അത്ര സുരക്ഷിതമായ മണ്ഡലമല്ല എന്ന്.
മത, സാമൂഹിക, രാഷ്ട്രീയ, ഭരണ തലങ്ങളില്‍ കാര്യമായ വ്യതിചലനങ്ങളും ശക്തമായ വോട്ട് ബേങ്ക് രാഷ്ട്രീയവും നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശിലെ ഒരു മണ്ഡലവും പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് ലളിതമായി വിജയിക്കാന്‍ ഉതകുന്നതല്ല. ഏതായാലും രാഹുല്‍ ഗാന്ധിയും ബി ജെ പിയുടെ ദിനേശ് പ്രതാപ് സിംഗും തമ്മിലുള്ള മത്സരം കടുത്തതായിരിക്കും. ഒപ്പം മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി, ബി എസ് പി വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്.

അമേഠിയിലേക്ക് എന്തുകൊണ്ട് രാഹുല്‍ തിരിച്ചു വരുന്നില്ല എന്നതാണ് ബി ജെ പിയുടെയും സ്മൃതി ഇറാനിയുടെയും ചോദ്യം. 2019ല്‍ 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചിരുന്നു. 2009ല്‍ അമേഠിയില്‍ രാഹുലിന്റെ ഭൂരിപക്ഷം നാല് ലക്ഷത്തിന് അടുത്തായിരുന്നു.

2014ലെ പരാജയത്തിനു ശേഷം മണ്ഡലത്തില്‍ കൃത്യമായ ഇടവേളകളില്‍ വന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് പരിഹാരം കണ്ടെത്തുന്നതിനുള്ള സ്മൃതി ഇറാനിയുടെ പരിശ്രമം അമേഠിയെ കോണ്‍ഗ്രസ്സില്‍ നിന്ന് വിദൂരത്താക്കി. ഭരണമോ വികസനങ്ങളോ നോക്കാതെ കണ്ണടച്ച് നെഹ്‌റു കുടുംബത്തിന് വോട്ട് ചെയ്ത് ശീലിച്ച പഴയ ജനതയൊന്നുമല്ല ഇന്ന് അമേഠിയിലും റായ്ബറേലിയിലും ഉള്ളത്. നാല് പതിറ്റാണ്ട് അമേഠിയിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിൽ പ്രധാനിയായ കിഷോറി ലാല്‍ ശര്‍മയാണ് സ്മൃതി ഇറാനിക്കെതിരെ ഇത്തവണ മത്സരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലില്‍ വിജയസാധ്യത കുറവാണെങ്കിലും പ്രിയങ്കാ ഗാന്ധിയെ അമേഠിയില്‍ മത്സരിപ്പിക്കാമായിരുന്നു. വിജയിച്ചാലും പരാജയപ്പെട്ടാലും ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് കൂടുതല്‍ ഉണര്‍വിന് സാധ്യമായ അത്തരമൊരു തീരുമാനമായിരുന്നു വേണ്ടിയിരുന്നത്. എങ്കിലും രാജ്യത്തെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നുണ്ട്. സ്ഥാനാര്‍ഥിയായി ഒരു മണ്ഡലത്തില്‍ ഒതുങ്ങാതെ ദേശീയതലത്തില്‍ പ്രചാരണങ്ങളില്‍ ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ പ്രിയങ്കക്ക് സാധിക്കുന്നു.

ദക്ഷിണേന്ത്യയിലേക്ക് മുങ്ങി എന്ന ബി ജെ പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാര്‍ഥിത്വം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചില ചലനങ്ങള്‍ക്ക് ഇത് കാരണമാകും. രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി വിജയിക്കുകയാണെങ്കില്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതാണ് പ്രധാന ചോദ്യം. കോണ്‍ഗ്രസ്സിനോ “ഇന്ത്യ’ മുന്നണിക്കോ പാര്‍ലിമെന്റില്‍ കാര്യമായ സ്വാധീനം ലഭിക്കുന്ന അംഗസംഖ്യ ലഭിക്കുകയാണെങ്കില്‍ റായ്ബറേലി നിലനിര്‍ത്താന്‍ സാധ്യത ഏറെയാണ്.

വയനാട് നിലനിര്‍ത്തി പ്രിയങ്കയെ റായ്ബറേലിയില്‍ മത്സരിപ്പിക്കണമെങ്കില്‍ മണ്ഡലത്തില്‍ രാഹുലിന് കൂറ്റന്‍ ഭൂരിപക്ഷം വേണ്ടി വരും. വയനാട് വഴി പ്രിയങ്കക്ക് പാര്‍ലിമെന്റില്‍ എത്താന്‍ കാര്യമായ അധ്വാനത്തിന്റെ ആവശ്യവും ഇല്ല.
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിവാക്കിയാല്‍ വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയും യു ഡി എഫിനെയും അത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടി വരും. ഏതായാലും ഒരു സംസ്ഥാനത്തിനേക്കാള്‍ എത്രയോ മടങ്ങ് പ്രാധാന്യമേറിയതാണ് ദേശീയ രാഷ്ട്രീയം. കാത്തിരുന്ന് കാണാം.

Latest