Connect with us

vm koya master

വേറിട്ട ശൈലി; വിടവാങ്ങിയതും പ്രഭാഷണ വേദിയിൽ

കോഴിക്കോട് നഗരത്തിൽ സുന്നി പ്രസ്ഥാനത്തിന് മേൽവിലാസമുണ്ടാക്കുന്നതിലും നിരവധി പള്ളികൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിലും കോയ മാസ്റ്റർ പങ്കുവഹിച്ചു.

Published

|

Last Updated

കോഴിക്കോട് | ലോകത്തെ അത്ഭുതങ്ങളെക്കുറിച്ചും സർവനാഥന്റെ അപാരമായ സൃഷ്ടി വൈവിധ്യങ്ങളെക്കുറിച്ചും വിവരിക്കുന്നതായിരുന്നു വി എം കോയ മാസ്റ്ററുടെ അവസാന പ്രസംഗം. പ്രഭാഷണ രംഗത്ത് വേറിട്ട ശൈലി കണ്ടെത്തിയ കോയ മാസ്റ്റർ വിടപറഞ്ഞതും പ്രസംഗ വേദിയിൽ വെച്ച് തന്നെ. അവസാന ശ്വാസം വരെ പ്രബോധന മേഖലയിൽ നിറഞ്ഞുനിന്ന അദ്ദേഹം പ്രസ്ഥാനത്തിനും സമൂഹത്തിനും സമ്മാനിച്ച സേവനങ്ങൾ ചെറുതല്ല.

ചെറുപ്പം മുതൽ തന്നെ പൊതുസേവനം ജീവിത സപര്യയാക്കിയ അദ്ദേഹം 18-ാം വയസ്സ് മുതൽ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സംഘടനയുടെയും സ്ഥാപനങ്ങളുടെയും രൂപവത്കരണത്തിനും പ്രസ്ഥാനം നേരിട്ട വെല്ലുവിളികളെ സമർഥമായി നേരിടുന്നതിലും മറ്റു നേതാക്കൾക്കൊപ്പം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. മുക്കാൽ നൂറ്റാണ്ട് കാലത്തെ ജീവിതം പൂർണമായും സേവന നിരതമാക്കിയ അദ്ദേഹം സിറാജിന്റെയും മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെയും സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്.

കോഴിക്കോട് നഗരത്തിൽ സുന്നി പ്രസ്ഥാനത്തിന് മേൽവിലാസമുണ്ടാക്കുന്നതിലും നിരവധി പള്ളികൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിലും കോയ മാസ്റ്റർ പങ്കുവഹിച്ചു. ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ കണിശത പുലർത്തുന്നത് കാരണം നിരവധി സ്ഥാപനങ്ങളുടെ കൈകാര്യച്ചുമതല കാന്തപുരം ഉസ്താദ് തന്നെയാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്. ഇരുപതോളം സ്ഥാപനങ്ങളുടെ ഭാരവാഹിയാണെങ്കിലും എല്ലാ സ്ഥാപനങ്ങളുടെയും യോഗങ്ങളിൽ കൃത്യമായി എത്തുകയും കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ഇടപെടുകയും ചെയ്തു. സംഘടനാപരമായും വ്യക്തിപരമായുമുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരമുണ്ടാക്കുകയെന്നത് പലപ്പോഴും കോയ മാസ്റ്ററുടെ ചുമതലയായിരുന്നു. വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കുമെന്ന് കരുതിയിരുന്ന സദസ്സിനെ അമ്പരപ്പിക്കുന്ന വാക്ചാതുരിയിലൂടെയും പ്രഭാഷണ വൈഭവത്തിലൂടെയും തണുപ്പിക്കാനുള്ള കഴിവ് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്.

സൗഹൃദ സദസ്സുകളിൽ സുന്നി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്ന അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട കോയ മാഷായിരുന്നു. സ്‌കൂൾ അധ്യാപകനായാണ് പൊതു ലോകം അദ്ദേഹത്തെ മനസ്സിലാക്കിയതെങ്കിലും മതപരമായ അറിവിലും അവഗാഹം പുലർത്തി. കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനായ അദ്ദേഹത്തിന്റെ പ്രസംഗ ശൈലി പലപ്പോഴും സുന്ദരമായ മതപ്രഭാഷണ ശൈലിയിലേക്ക് വഴുതിമാറുമായിരുന്നു. സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി മാനേജ്‌മെന്റ്അസ്സോസിയേഷന്റെയും കാര്യദർശിയായിരുന്ന അദ്ദേഹം മദ്‌റസാ വിദ്യാഭ്യാസത്തിന്റെ പുത്തൻ സാധ്യതകൾ തേടുന്നതിൽ താത്പര്യം പ്രകടിപ്പിച്ചു. നിരവധി സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കുകയും ആവശ്യമായ പഠനങ്ങൾ നടത്തുകയും ചെയ്തു. 2015ൽ കേന്ദ്ര സർക്കാറിന്റെ ദേശീയ മദ്‌റസാ ഓർഗനൈസേഷൻ സമിതി അംഗമായിരുന്നു.

കോയ മാസ്റ്ററുടെ പൊതു ഇടപെടലിനും സ്‌നേഹവായ്പിനും മതിൽകെട്ടുകളുണ്ടായിരുന്നില്ല. സ്വന്തം നാട്ടിൽ മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വലിയ വിലകൽപ്പിച്ചു. പ്രാസ്ഥാനിക പ്രവർത്തകരടക്കം സൗഹൃദ വലയത്തിൽ പെട്ട ആർക്കും പ്രയാസങ്ങൾ നേരിടുമ്പോൾ വിളിച്ച് ആശ്വസിപ്പിക്കാനും വേണ്ട ഇടപെടലുകൾ നടത്താനും തയ്യാറായി. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി സ്ഥാനമേറ്റെടുത്ത കോയ മാസ്റ്റർ ഈ ബോർഡിൽ ചടുലതയുള്ള ഇടപെടലുകളാണ് നടത്തിയത്. കൊവിഡ് കാലം പോലും വകവെക്കാതെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയും ഫയലുകൾ കൃത്യമായി നീങ്ങുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.