National
വിജയവാഡയില്‍ പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് സഹോദരിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു
കര്‍ഷകരായ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികളെ വിഷം കഴിച്ച് ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
വിജവാഡ | ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് സഹോദരിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു.പ്ലസ്ടു വിദ്യാര്‍ഥിനിയായ ഇളയ സഹോദരിയാണ് മരിച്ചത്. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ ബിടെക്കിന് പഠിക്കുന്ന 18കാരിയും ഇളയ സഹോദരിയും ശനിയാഴ്ചയാണ് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കര്‍ഷകരായ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികളെ വിഷം കഴിച്ച് ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇളയ സഹോദരി തിങ്കളാഴ്ച മരണത്തിന് കീടങ്ങി. മൂത്ത കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ മൂത്ത സഹോദരിയും പ്ലസ്ടു പരീക്ഷയില്‍ ഇളയസഹോദരിയും പരാജയപ്പെട്ടിരുന്നു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)