Connect with us

Editorial

ദുരിതാശ്വാസ സഹായ വിതരണം കുറ്റമറ്റതാക്കണം

അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരുമെന്ന വിശ്വാസത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നതും. ആ വിശ്വാസത്തിന് മങ്ങലേറ്റിരിക്കയാണിപ്പോൾ.

Published

|

Last Updated

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് പുതിയ സംഭവമല്ല. പല വിധ ആനുകൂല്യങ്ങളും കള്ളരേഖകളുണ്ടാക്കിയും വേണ്ടപ്പെട്ടവരെ സ്വാധീനിച്ചും അനര്‍ഹര്‍ കൈക്കലാക്കാറുണ്ട്. കൃഷിനാശം. കയ്യാല നിര്‍മാണം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്ലൊരു ഭാഗവും എത്തിപ്പെടുന്നത് അനര്‍ഹരുടെ കരങ്ങളിലാണ്. കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് ജനസമ്പര്‍ക്ക പരിപാടി മുഖേന വിതരണം ചെയ്ത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ ധാരാളം കൈപ്പറ്റിയതായി റിപോര്‍ട്ട് വന്നിരുന്നു. എന്നാല്‍ സംഘടിതവും ആസൂത്രിതവുമായ തട്ടിപ്പാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്)യുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിജിലന്‍സിന്റെ നിഗമനം. പുറത്തായ തട്ടിപ്പിന്റെ പൂര്‍ണരൂപവും പണം തട്ടിപ്പിന്റെ രീതിയും വിജിലന്‍സിന് ഇപ്പോഴും വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോഴേ ചുരുളുകള്‍ അഴിയുകയുള്ളൂ. ദുരിതാശ്വാസത്തിനായി ഇതുവരെ സമര്‍പ്പിക്കപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിനൊപ്പം അപേക്ഷകരെ നേരില്‍ കണ്ടു വിവരം ശേഖരിച്ചു വരികയുമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍.

മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിന്റെ കാര്യം ആദ്യം കണ്ടെത്തിയത്. സംശയം തോന്നിയ ചില അപേക്ഷകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പ് നടന്നതായി സൂചനകള്‍ ലഭിച്ചു. അതോടെ വിജിലന്‍സിനോട് അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ചികിത്സാ സഹായം വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കി ധാരാളം അനര്‍ഹര്‍ കൈപ്പറ്റിയതായാണ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സിന്റെ വിലയിരുത്തല്‍. എറണാകുളത്തെ സമ്പന്നനായ ഒരു വിദേശമലയാളി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളി 45,000 രൂപയും വാങ്ങിച്ചിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി രണ്ട് അസുഖങ്ങള്‍ക്കായി വിവിധ കലക്ടറേറ്റുകള്‍ വഴിയാണ് ദുരിതാശ്വാസ ഫണ്ട് അടിച്ചെടുത്തത്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ മതിയായ രേഖകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകളിലും പണം നല്‍കിയിട്ടുണ്ട്.

ചികിത്സാ സഹായത്തിനായി സമര്‍പ്പിച്ച പല സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരള്‍ രോഗത്തിനാണ് സഹായധനം അനുവദിച്ചത്. അപേക്ഷകന്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേതും. ഡോക്ടര്‍മാരെ കൂട്ടുപിടിച്ച് ഏജന്റുമാരും ഉദ്യേഗസ്ഥരും ഒത്തുകളിച്ചാണ് ഈ തട്ടിപ്പെല്ലാം നടത്തിയത്. ചില ജനപ്രതിനിധികള്‍ക്കും ഇതില്‍ പങ്കുള്ളതായാണ് വിവരം. പല ഓഫീസുകളിലും വിവിധയാളുകളില്‍ നിന്ന് ലഭിച്ച ദുരിതാശ്വാസ അപേക്ഷകളിലെ കൈയക്ഷരങ്ങളെല്ലാം ഒന്ന്. അര്‍ഹതപ്പെട്ട പലരുടെയും അപേക്ഷകളില്‍ കാണിച്ച ബേങ്ക് അക്കൗണ്ട് നമ്പര്‍ ഇടനിലക്കാരുടേതും. കൊല്ലം പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1,500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണെന്നത് തട്ടിപ്പില്‍ ഡോക്ടര്‍മാര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ വെളിപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നേക്കാനിടയുണ്ട്.

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പഴുതടച്ച സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് സ്വാഗതാര്‍ഹമാണ്. സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മുഖ്യപങ്കും. നിര്‍ദനരുടെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാനാണ് ജനങ്ങള്‍ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് മലയാളികള്‍. മഹാപ്രളയ കാലത്തും ഓഖി ദുരന്ത ഘട്ടങ്ങളിലുമെല്ലാം അവര്‍ കൈയയച്ചു സഹായിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന വിശ്വാസത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. കുറ്റമറ്റ രീതിയില്‍ അര്‍ഹര്‍ക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നതും. ആ വിശ്വാസത്തിന് മങ്ങലേറ്റിരിക്കയാണിപ്പോള്‍.

ഉദ്യോഗസ്ഥരുടെ സഹായവും ഒത്താശയുമില്ലാതെ ഏജന്റുമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല ഇത്തരം തട്ടിപ്പുകള്‍. ഇക്കാര്യത്തില്‍ മുഖ്യകുറ്റവാളികളായി കാണേണ്ടതും തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും പങ്ക്പറ്റുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ്. ഏറെക്കുറെ മികച്ച ശമ്പളം നല്‍കി വരുന്നുണ്ട് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍. റവന്യൂ വരുമാനത്തിന്റെ മുക്കാല്‍ പങ്കും വിനിയോഗിക്കുന്നത് ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തിലാണ്. എന്നിട്ടും നിര്‍ദനര്‍ക്കുള്ള സഹായധനത്തില്‍ കൈയിട്ടുവാരുന്ന അത്യാര്‍ഥി പൊറുപ്പിക്കാവതല്ല. ഇവരുടെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകള്‍ മുമ്പും പലപ്പോഴായി പുറത്തുവന്നതാണ്. കൃഷി ചെയ്യാത്ത സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതായി രേഖകള്‍ ഉണ്ടാക്കിയും നെല്ലിന്റെ അളവില്‍ കൃത്രിമം കാണിച്ചും സപ്ലൈകോ പാഡി മാര്‍ക്കറ്റിഗ് ഓഫീസര്‍മാരുടെയും ഗുണനിലവാര പരിശോധനാ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ചില കൃഷി ഓഫീസര്‍മാരും മില്ലുകളുടെ ഇടനിലക്കാരും നത്തിയ തട്ടിപ്പുകള്‍ ‘ഓപറേഷന്‍ റൈസ് ബൗളി’ലൂടെ പുറത്തുവന്നത് ഒരാഴ്ച മുമ്പാണ്. ഇത്തരക്കാരെ കര്‍ശന നിയമനടപടികള്‍ക്കു വിധേയമാക്കണം. രാഷ്ട്രീയ, ഭരണ സ്വാധീനത്തില്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അതേസമയം തട്ടിപ്പു വിവരം പുറത്തുവന്നത് അര്‍ഹരായ അപേക്ഷകരുടെ സഹായ അഭ്യര്‍ഥനയെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കരുത്. നിര്‍ദനരായ ധാരാളം പേര്‍ സഹായത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. അര്‍ഹത ഉറപ്പ് വരുത്തി അവര്‍ക്ക് താമസം വിനാ സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം. ഭാവിയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിതരണം സുതാര്യവും കുറ്റമറ്റതുമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.

 

Latest