Kerala
ഹരിത മാതൃകാ പോളിങ് ബൂത്ത് ഒരുക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് പരിസരത്ത് ഹരിത മാതൃകാ പോളിങ് ബൂത്ത് ഒരുക്കി. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതാണ്.
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കാന്‍ ലഘുലേഖയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും. ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു.