sabarimala fire
ശബരിമല മാളികപുറത്തുണ്ടായത് തീപിടുത്തമെന്ന് ജില്ലാ കലക്ടറുടെ റിപോര്‍ട്ട്
മാളികപുറത്തുണ്ടായത് പൊട്ടിത്തെറിയല്ല, തീപിടുത്തമെന്നാണ് കലക്ടറുടെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത്.
പത്തനംതിട്ട | ശബരിമല മാളികപ്പുറത്തുണ്ടായ അപകടത്തെ സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. മാളികപുറത്തുണ്ടായത് പൊട്ടിത്തെറിയല്ല, തീപിടുത്തമെന്നാണ് കലക്ടറുടെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനമടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തും. സര്‍ക്കാറിന് കൈമാറിയ പ്രാഥമിക റിപോര്‍ട്ട് ഹൈക്കോടതിക്കും കൈമാറും. ഇന്നലെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. കതിന നിറക്കുന്നതിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
അതിനിടെ, മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. തൃശൂര്‍ ഫോറന്‍സിക് കെമിസ്ട്രി ലാബ് അസി. ഡയറക്ടര്‍ ബി എസ് ജിജി, കൊല്ലം ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ രാഹുല്‍ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് പരിശോധന നടത്തിയത്. കത്തി നശിച്ച ഷെഡില്‍ നിന്നും ചിതറിയ നിലയില്‍ കിടന്നിരുന്ന കതിന, ഇത് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്പ്, വെടിമരുന്നിന്റെ സാമ്പിള്‍, ഷെഡിലെ ചാരം എന്നിവ സംഘം വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ബി ഡി ഡി എസ് തൃശൂര്‍ റേഞ്ച് എസ് ഐ എ രാജന്‍, സന്നിധാനം എസ് ഐ അനൂപ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ടായിരുന്നു. വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കുറ്റികള്‍ തമ്മില്‍ കൂട്ടിയിടിച്ചതോ ജീവനക്കാരുടെ അശ്രദ്ധയോ ആവാം അപകട കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സാമ്പിളുകളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ യഥാര്‍ഥ അപകട കാരണം വ്യക്തമാകുകയുള്ളൂ.