Connect with us

National

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി; വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീംകോടതി ചീഫ്ജസ്റ്റിസ്

2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

Published

|

Last Updated

ലക്‌നോ| ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി.

ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജി കത്തെഴുതിയത്.ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്നും രാത്രിയില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. കരിയറില്‍ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.

അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും വനിത ജഡ്ജി പരാതിയില്‍ പറയുന്നു.

2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പിന്നീട്, 2023 ജൂലൈയില്‍ അവര്‍ ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ആറ് മാസമെടുത്തു.

ഇതിനായി ആയിരം മെയിലെങ്കിലും അയച്ചു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ പറയുന്നു.

 

 

 

Latest