Connect with us

Book Review

മണലാരണ്യത്തിലെ വ്യാകുലതകൾ

മനഃപ്രയാസങ്ങളുടെയും നഷ്ടപ്പെടലിന്റെയും ഭാണ്ഡക്കെട്ടുകളിറക്കിവെക്കാനൊരു ഇടമില്ലായ്മയുടെ അഭാവം നിരത്തുന്നത് കാലത്തിന്റെ അനന്തതയിലേക്കെറിയപ്പെട്ട ഒരൊട്ടകത്തിന്റെ അസ്ഥിപഞ്ജരത്തെ,‘സുലൈമാനെ’യാണ് അസീസ് സമീപിക്കുന്നത്. സുലൈമാൻ എന്ന അസ്ഥിപഞ്ജരത്തെ തന്റെ ഉറ്റ ചങ്ങാതിയായി കാണുന്നു. അയാൾ സുലൈമാനുമായി തന്റെ ജീവിത വ്യഥകൾ പങ്കിടുന്നു. വേദനയുടെ, വികാരത്തിന്റെ, ഇഷ്ടങ്ങളുടെ, ശിക്ഷകളുടെ, ആശയക്കുഴപ്പങ്ങളുടെ, നഷ്ടങ്ങളുടെ കഥകൾ ഓരോന്നോരോന്നായി ഇറക്കിവെക്കാൻ തുടങ്ങുന്നിടത്ത് നിന്നുമാണ് നോവലിന്റെ ആരംഭം.

Published

|

Last Updated

“മരുഭൂമിയിലെ കഥകൾക്ക് പഞ്ഞമില്ല. ആടുജീവിതമായും ഒരു തക്കാളി കൃഷിക്കാരനായും അവ നമ്മുടെ സ്വാസ്ഥ്യം കവർന്നെടുക്കുന്നു’_ പുറം ചട്ടയിൽ കുറിച്ചിട്ടത് പോലെ, ഹൃദയത്തെ പൊള്ളിക്കുന്ന കനൽക്കഥകളാണ് പ്രവാസത്തിന്റെ ഒരു കാണാവശം. ആട്ടിടയനായും തോട്ടം തൊഴിലാളിയായും മറ്റു പലതുമായും മരുഭൂമിയിൽ പുളയുന്നവർ.
പച്ചയായ മരുഭൂ ജീവിതം പറയുകയാണ് “ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ ‘എന്ന നോവലിലൂടെ റഷീദ് പാറയ്ക്കൽ. പ്രവാസിയുടെ പ്രയാസങ്ങളും ഒറ്റപ്പെടലിന്റെ തീക്ഷ്‌ണതയും മാനുഷിക വികാരങ്ങളും എല്ലാംകൂടി ഒത്തുചേർന്ന് വായനക്കാരനെ പിടിച്ചിരുത്തുന്നതാണ് നോവൽ.ആഗ്രഹങ്ങളുടെ ലഗ്വേജ് ചുമന്ന് അക്കരെ കടന്നവരുടെ വ്യഥ. അസീസിന്റെ കഥ.
അസീസ്, യുവത്വത്തിന്റെ ചോരത്തുടിപ്പുള്ള ഒരു യുവകോമളൻ. പ്രയാസങ്ങളെ മുച്ചൂടും പിഴുതെറിയാനുള്ള പ്രയാണം ചെന്നെത്തുന്നത് നഗരങ്ങളുടെ കോലാഹലങ്ങളൊടുങ്ങിയ നിറം മങ്ങിയ മരുഭൂ മധ്യത്തിലും. കത്തിജ്ജ്വലിക്കുന്ന സൂര്യനു ചുവടെ ചുട്ടുപഴുത്ത മണൽപ്പരപ്പിൽ ഒരു തോട്ടം തൊഴിലാളിയായിട്ട്. വെയിലിനെ മറയ്ക്കാനായി ഒരു തണൽ വൃക്ഷച്ചുവടുപോലുമില്ലാത്ത കണ്ണെത്താദൂരത്തോളം വിശാലമായ മണൽ പരപ്പ് . കഷ്ടപ്പെടലിന്റെയും നഷ്ടപ്പെടലിന്റെയും നാളുകൾ.

മനഃപ്രയാസങ്ങളുടെയും നഷ്ടപ്പെടലിന്റെയും ഭാണ്ഡക്കെട്ടുകളിറക്കിവെക്കാനൊരു ഇടമില്ലായ്മയുടെ അഭാവം നിരത്തുന്നത് കാലത്തിന്റെ അനന്തതയിലേക്കെറിയപ്പെട്ട ഒരൊട്ടകത്തിന്റെ അസ്ഥിപഞ്ജരത്തെ,‘സുലൈമാനെ’യാണ് അസീസ് സമീപിക്കുന്നത്. സുലൈമാൻ എന്ന അസ്ഥിപഞ്ജരത്തെ തന്റെ ഉറ്റ ചങ്ങാതിയായി കാണുന്നു. അയാൾ സുലൈമാനുമായി തന്റെ ജീവിത വ്യഥകൾ പങ്കിടുന്നു. വേദനയുടെ, വികാരത്തിന്റെ, ഇഷ്ടങ്ങളുടെ, ശിക്ഷകളുടെ, ആശയക്കുഴപ്പങ്ങളുടെ, നഷ്ടങ്ങളുടെ കഥകൾ ഓരോന്നോരോന്നായി ഇറക്കിവെക്കാൻ തുടങ്ങുന്നിടത്ത് നിന്നുമാണ് നോവലിന്റെ ആരംഭം.
പ്രവാസി സ്വദേശത്തണഞ്ഞാലുള്ള ആദ്യ വാരങ്ങളിൽ അടിച്ചുവീശുന്ന ഊഷ്മളമായ അത്തറിന്റെ പരിമളം മൂക്ക് തുളച്ചു കയറുന്നുണ്ടെങ്കിൽ,വർഷങ്ങളായി ഒഴുക്കിയ വിയർപ്പിന്റെ ദുർഗന്ധത്തെ മറച്ചുവെക്കാനാണെന്നത് ഗൾഫുകാരന് മാത്രമറിയുന്ന ഒരു രഹസ്യ യാഥാർഥ്യമാണ്.ഏറെ കാലത്തെ അധ്വാനത്താൽ മെച്ചമായൊന്നുമില്ലാതെ നാടുപറ്റിയ പ്രവാസിയുടെ പ്രയാസം ഖാദർ എന്ന കഥാപാത്രത്തിലൂടെ എഴുത്തു കാരൻ വരച്ചിടുന്നുണ്ട്.

മരുഭൂമിയിലെ, പൊള്ളുന്ന പച്ചയായ ജീവിതാനുഭവങ്ങൾ പറയുകയാണ് നോവലിലുടനീളം. മണലാരണ്യത്തിന്റെ അത്യുഷ്ണത്താൽ ഹൃദയത്തിലെ ആഗ്രഹങ്ങളുടെ തെളിനീരുറവയെല്ലാം നിരാവിയായിപ്പോയി, മരിച്ചു ജീവിക്കുന്ന മരുഭൂമനുഷ്യരെ പറ്റി, അസ്ഥിയുള്ളിടത് ഒരു മണൽക്കൂന പ്രത്യക്ഷപ്പെട്ട്, തന്റെ ആത്മസുഹൃത്തും നഷ്ടപ്പെടുന്നിടത്താണ് നോവലിന്റെ അന്ത്യം. നഷ്ടങ്ങളുടെ മാത്രം ഭാണ്ഡം പേറി ഒടുവിലയാൾ മരുഭൂമിയോട് വിട പറയുന്നു. നൂറ്റിമുപ്പത്തിയാറ് പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകർ ഗ്രീൻ ബുക്സ് ആണ്. വില 160 രൂപ.

ശുഐബ് കാരക്കുന്ന്
nnmshuhaibkku@gmail.com

Latest