National
റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റി; അനില്‍ അംബാനിക്ക് സെബി വിലക്ക്
റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേര്‍ക്കും വിലക്കുണ്ട്.
ന്യൂഡല്‍ഹി | റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റിയതിന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേര്‍ക്കും വിലക്കുണ്ട്.
അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തിയതിനു പുറമെ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സിനെ (RHFL) സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ആര്‍ എച്ച് എഫ് എല്ലിന്റെ പ്രധാന മാനേജര്‍മാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായാണ് സെബിയുടെ കണ്ടെത്തല്‍. ഡയറക്ടര്‍ ബോര്‍ഡ് വായ്പാ രീതികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കോര്‍പ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തു. എന്നാല്‍, കമ്പനിയുടെ മാനേജ്‌മെന്റ് ഈ ഉത്തരവുകള്‍ അവഗണിച്ചതായി സെബി കണ്ടെത്തി.
എ ഡി എ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ പദവിയും ആര്‍ എച്ച് എഫ് എല്ലിന്റെ ഹോള്‍ഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയര്‍ഹോള്‍ഡിംഗും അനില്‍ അംബാനി തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചുവെന്നും സെബി വ്യക്തമാക്കി. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികള്‍ക്ക് കോടികളുടെ വായ്പകള്‍ അനുവദിക്കുന്നതില്‍ കമ്പനിയുടെ മാനേജ്മെന്റും പ്രൊമോട്ടര്‍മാരും അമിത താത്പര്യം കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്.