Connect with us

Kerala

കോർപറേഷൻ ബോർഡ് വിഭജനം; സി പി എം- സി പി ഐ ഉഭയ കക്ഷി ചർച്ച ഉടൻ

കേരള കോൺഗ്രസ്സ് എമ്മിന് കൂടി ഇത്തവണ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്.

Published

|

Last Updated

കണ്ണൂർ | എൽ ഡി എഫ് കോർപറേഷൻ ബോർഡ് വിഭജനത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ സി പി എം- സി പി ഐ ഉഭയ കക്ഷി ചർച്ചയാണുണ്ടാവുക. ഇതിന് ശേഷം മറ്റ് ഘടക കക്ഷികളുമായും ചർച്ച നടക്കും. നിലവിൽ ഓരോ കക്ഷിക്കുമുള്ള കോർപറേഷൻ, ബോർഡ് അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.

കേരള കോൺഗ്രസ്സ് എമ്മിന് കൂടി ഇത്തവണ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്. സി പി എമ്മും സി പി ഐയും ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും. എന്നാൽ, നിലവിലുള്ള എണ്ണത്തിൽ കുറവ് വരുത്താൻ സി പി ഐ തയ്യാറാകുമോയെന്നാണ് ആശങ്ക. സി പി എമ്മും സി പി ഐയും കഴിഞ്ഞാൽ കേരള കോൺഗ്രസ്സ് എമ്മിനായിരിക്കും കൂടുതൽ കോർപറേഷനും ബോർഡുകളും. അതിനിടെ കൈയിലുള്ള ബോർഡും കോർപറേഷനും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മുന്നണിയിലെ മറ്റ് കക്ഷികൾ.

ലോക് താന്ത്രിക് ജനതാദളിന് നിയമസഭയിൽ പ്രാതിനിധ്യമില്ല. ഈ സാഹര്യത്തിൽ കുടുതൽ പരിഗണന നൽകണമെന്ന ആവശ്യം അവർക്കുണ്ട്. ഐ എൻ എല്ലിലെ തമ്മിലടി പറഞ്ഞ് സി പി എം തടിയൂരാനും സാധ്യതയുണ്ട്. ഹജ്ജ് കമ്മിറ്റി പുനഃസംഘടനയിലും അവരെ പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് നേതാക്കൾ പ്രതിഷേധമറിയിച്ചിരുന്നു. എൻ സി പി കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്.

കോൺഗ്രസ്സ് വിട്ട് പാർട്ടിയിൽ ചേർന്നവർക്ക് ഉചിതമായ സ്ഥാനം നൽകുകയാണ് അവരുടെ ലക്ഷ്യം. ജെ ഡി എസും നിലവിലുള്ള ബോർഡും കോർപറേഷനും വിട്ടു നൽകാൻ തയ്യാറല്ല. എം എൽ എ പ്രാതിനിധ്യമുണ്ടെങ്കിലും മന്ത്രി സ്ഥാനം ഇല്ലാത്ത പാർട്ടികളെ പരിഗണിച്ചാൽ അവർക്ക് ഓരോ ചെയർമാൻ സ്ഥാനം ലഭിക്കും. സി പി എം സമ്മേളന ഒരുക്കങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സി പി എം- സി പി ഐ ഉഭയ കക്ഷി ചർച്ച അടുത്ത ദിവസം തന്നെ നടന്നേക്കുമെന്നാണ് സൂചന.

 

 

 

Latest