Kerala
യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് ജില്ലാ കലക്ടര്‍; ഗൂഢലക്ഷ്യത്തില്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ്
രാവിലെ തീരുമാനിച്ച പരിപാടി ദിവ്യയുടെ സൗകര്യത്തിനായി ഉച്ചക്ക് ശേഷമാക്കിയത് കലക്ടര്‍ ആണ്
പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കണ്ണൂര്‍ കലക്ടറെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. യാത്രയയപ്പ് ചടങ്ങ് വേണ്ടെന്ന് പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധപൂര്‍വം ഒരുക്കുകയായിരുന്നുവെന്നും മോഹനന്‍ പറഞ്ഞു
രാവിലെ തീരുമാനിച്ച പരിപാടി ദിവ്യയുടെ സൗകര്യത്തിനായി ഉച്ചക്ക് ശേഷമാക്കിയത് കലക്ടര്‍ ആണ്. പരിപാടി മാറ്റി എന്നത് മാത്രമല്ല, ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയതും കലക്ടറാണെന്നും മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരുടെ യോഗത്തിലേക്ക് പരിപാടിയിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതില്‍ ഗൂഢ ലക്ഷ്യമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കണം. ഇതില്‍ കലക്ടര്‍ക്കാണോ ആര്‍ക്കാണോ ലക്ഷ്യമെന്ന് അറിയില്ല. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ലെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ ആരാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടര്‍ക്കെതിരെയും അന്വേഷണം വേണം. പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുമെന്നും മോഹനന്‍ പറഞ്ഞു.