Uae
ദുബൈയിലും ദീപാവലി ആഘോഷമൊരുങ്ങുന്നു
ഒക്ടോബർ 26ന് ഇത്തിസലാത്ത് അക്കാദമിയിൽ ദീപാവലി ഉത്സവ് നടക്കും.
ദുബൈ | നഗരത്തിലുടനീളം ദീപാവലി ആഘോഷങ്ങൾ ഒരുക്കാൻ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ‌്. ഒക്ടോബർ 25 മുതൽ നവംബർ ഏഴ് വരെ വിവിധ പരിപാടികളോടെ ദീപങ്ങളുടെ മഹോത്സവം കൊണ്ടാടാനാണ് ദുബൈ ഒരുങ്ങുന്നത്.
താമസക്കാർക്കും സന്ദർശകർക്കും ആഴത്തിലുള്ള സാംസ്‌കാരിക അനുഭവങ്ങൾ സമ്മാനിക്കാനാണ് പ്രത്യേകം തയ്യാറാക്കിയ ദീപാവലി ഇവന്റുകൾ ഒരുക്കുന്നത്. ഒക്ടോബർ 25-ന് അൽ സീഫ്, ഒക്ടോബർ 25-26, നവംബർ 1-2 തീയതികളിൽ ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ടുകളുണ്ടാവും. ഒക്ടോബർ 25 മുതൽ 27 വരെ അൽ സീഫിൽ നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് നടക്കും. വിവിധ പരിപാടികളാണ് ഇവിടെ ഉണ്ടാവുക.
ഒക്ടോബർ 26ന് ഇത്തിസലാത്ത് അക്കാദമിയിൽ ദീപാവലി ഉത്സവ് നടക്കും. ഇന്ത്യൻ നാടോടി നൃത്ത പ്രകടനങ്ങൾ, എല്ലാ പ്രായക്കാർക്കും ഗെയിമുകൾ, റൈഡുകൾ, ആക്റ്റിവിറ്റികൾ, ഫൺഫെയർ, ഭക്ഷണശാലകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇന്ത്യൻ പലഹാരങ്ങൾ എന്നിവ അണിനിരക്കും.
ഒക്ടോബർ 28 മുതൽ നവംബർ മൂന്ന് വരെ ഗ്ലോബൽ വില്ലേജിൽ ആഘോഷം നടക്കും. ഇന്ത്യ പവലിയന്റെ കീഴിലാണ് പരിപാടി. ഒക്ടോബർ 27-ന് ഊദ് മേത്തയിലെ ഗ്ലെൻഡേൽ ഇന്റർനാഷണൽ സ്‌കൂളിൽ ഡീപ് ഉത്സവ് നടക്കും.
ഒക്ടോബർ 26-ന് പുൾമാൻ ദുബൈ ജുമൈറ ലേക്സ് ടവേഴ്സിൽ നടക്കുന്ന ദീപാവലി ഫിയസ്റ്റ എക്സിബിഷനിൽ ഉത്സവ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആക്‌സസറികൾ, ഗൃഹാലങ്കാരങ്ങൾ, ചർമ്മസംരക്ഷണം, കരകൗശലവസ്തുക്കൾ പ്രദർശിപ്പിക്കും. ഒക്ടോബർ 25-ന് കൊക്കകോള അരീനയിൽ റൊമേഷ് രംഗനാഥന്റെ ഹാസ്യ പരിപാടി, ഇന്ത്യൻ ഹൈസ്‌കൂളിൽ അന്തരിച്ച ജഗ്ജിത് സിങ്ങിനുള്ള ആദരാഞ്ജലി, ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാർക്കിൽ നടക്കുന്ന നൃത്തവും നാടകവും സംഗീതവും സമന്വയിപ്പിക്കുന്ന പ്രകടനമായ മീര: എക്കോസ് ഓഫ് ലൗവ് എന്നിവ നടക്കും.