Connect with us

Ongoing News

ജൈത്രയാത്ര തുടര്‍ന്ന് ജോകോവിച്; അലെക്‌സ് ഡി മിനോറിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍

ആസ്‌ത്രേലിയയുടെ അലെക്‌സ് ഡി മിനോറിനെയാണ് ജോകോവിച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-1, 6-2.

Published

|

Last Updated

മെല്‍ബോണ്‍ | ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ജൈത്രയാത്ര തുടര്‍ന്ന് നൊവാക് ജോകോവിച്. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക ജയത്തോടെ ജോകോവിച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നു.

ആസ്‌ത്രേലിയയുടെ അലെക്‌സ് ഡി മിനോറിനെയാണ് ടൂര്‍ണമെന്റിലെ 10ാം കിരീടം തേടിയിറങ്ങിയ ജോകോവിച് അനായാസം തോല്‍പ്പിച്ചത്. നേരിട്ട സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-1, 6-2. മൂന്ന് സെറ്റുകളിലായി ആകെ അഞ്ച് ഗെയിമുകള്‍ മാത്രമാണ് ജോകോവിച് എതിരാളിക്ക് വിട്ടുകൊടുത്തത്. ആസ്‌ത്രേലിയന്‍ ഓപ്പണിലെ 13ാം ക്വാര്‍ട്ടര്‍ പ്രവേശമാണ് ഈ ജയത്തോടെ ജോകോവിച് നേടിയെടുത്തത്.

ആസ്‌ത്രേലിയന്‍ മണ്ണില്‍ ജോകോവിച് തുടര്‍ച്ചയായി നേടുന്ന 38ാമത്തെ വിജയമാണിത്. പിന്‍തുട ഞരമ്പിന് മുമ്പേറ്റ പരുക്ക് ഇടക്കിടെ അലട്ടിയെങ്കിലും ആത്മവിശ്വാസത്തോടെ കളിച്ച ജോകോവിചിനെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും കവച്ചുവെക്കാന്‍ 22ാം സീഡായ മിനോറിന് കഴിഞ്ഞില്ല. 22ാം ഗ്ലാന്‍സ്ലാം കിരീടത്തില്‍ മുത്തമിടുന്നതിന് ഒരു പടികൂടി അടുത്തിരിക്കുകയാണ് ജോകോവിച്.

റഷ്യയുടെ ആന്ദ്രെ റുബ്‌ലേവിനെയാണ് ക്വാര്‍ട്ടറില്‍ ജോകോവിചിന് നേരിടാനുള്ളത്. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണെയുടെ വെല്ലുവിളിയെ മറികടന്നാണ് റുബ്‌ലേവ് ക്വാര്‍ട്ടറില്‍ കടന്നത്.

Latest