karnataka politics
ഡി കെ വഴങ്ങി; സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച
ഇന്നു ചേരുന്ന എം എല്‍ എ മാരുടെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം
ബംഗളൂരു | കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവില്‍ എം എല്‍ എമാരുടെ യോഗം ചേരും. ഈ യോഗത്തിലാണു തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. രണ്ടാം ടേമില്‍ ഡി കെയെ മുഖ്യമന്ത്രിയാക്കുമെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല.
അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചര്‍ച്ചകള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ഡി കെ ശിവകുമാര്‍ തയാറായതോടെയാണു ചര്‍ച്ചകള്‍ വിജയം കണ്ടത്.
ഇതിനിടെ നാടകീയമായ പല സംഭവങ്ങളുമുണ്ടായി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെയാണഅ ഡി കെ ശിവകുമാര്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയത്.
പാതിരാത്രിയോടെ ചര്‍ച്ചയുടെ ഒടുവിലത്തെ ഘട്ടം ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയോടും കര്‍ണാടകത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജെവാലയോടും ഡികെ ഇടഞ്ഞു. നുകൂലിക്കുന്ന എം എല്‍ എമാരുടെ യോഗം സഹോദരനായ ഡി കെ സുരേഷ് എം പിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്തു.
പ്രതിസന്ധി രൂക്ഷമായതോടെ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സിദ്ധരാമയ്യയെ വസതിയിലേക്ക് വിളിച്ചു വരുത്തി സാഹചര്യം വിശദമാക്കി.
സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി എന്നനിലയിലാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന പ്രഖ്യാപനം ഒടുവില്‍ ഇരു നെതാക്കളും അംഗീകരിച്ചു.
രാജസ്ഥാനിലെ സ്ഥിതിഗതികള്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന നാണക്കേട് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ പാര്‍ട്ടിക്കുണ്ടായ അനുഭവം കര്‍ണാടകത്തില്‍ ഉണ്ടാവാന്‍ അധികം സമയം വേണ്ടെന്നും വിശദമാക്കി.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വിജയ പ്രതീക്ഷകളെ തകര്‍ക്കുന്ന തരത്തില്‍ നേതാക്കള്‍ പരസ്പരം പോരടിക്കരുതെന്ന നേതാക്കളുടെ അപേക്ഷക്ക് ഒടുവില്‍ ഡി കെ വഴങ്ങുകയായിരുന്നു എന്നാണു വിവരം.