Kerala
ഡി എല്‍ എഫ് ഫ്‌ളാറ്റിലെ രോഗബാധ: റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ താമസക്കാര്‍
ഫ്‌ളാറ്റില്‍ ഉപയോഗിക്കുന്നത് മലിനജലമാണെന്ന റിപോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ല.
കൊച്ചി | കാക്കനാട് ഡി എല്‍ എഫ് ഫ്‌ളാറ്റിലുണ്ടായ രോഗബാധയില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ താമസക്കാര്‍. ഫ്‌ളാറ്റില്‍ ഉപയോഗിക്കുന്നത് മലിനജലമാണെന്ന റിപോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് അവര്‍ ആരോപിച്ചു.
മെയ് 29ന് ലാബ് റിപോര്‍ട്ട് കിട്ടിയിട്ടും ഭാരവാഹികള്‍ പുറത്തുവിടാനും തയ്യാറായില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ശേഷം ജൂണ്‍ 13നാണ് റിപോര്‍ട്ട് പുറത്തുവിട്ടതെന്നും താമസക്കാര്‍ പറയുന്നു.
കുട്ടികളും പ്രായമായവരുമടക്കം ഫ്‌ളാറ്റില്‍ താമസിക്കുന്ന നൂറിലേറെ പേരാണ് ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.
ജൂണ്‍ ആദ്യമാണ് രോഗം റിപോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഇവിടെ താമസിക്കുന്ന മുന്നൂറിലധികം പേര്‍ ചികിത്സ തേടിയതായാണ് വിവരം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം ഫ്‌ളാറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയിരുന്നു.