National
മൂന്നാം മുന്നണി ബി ജെ പിക്കാണ് ഗുണം ചെയ്യുകയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഘെ
2004ലേതിനു സമാനമായി യു പി എ വിജയം നേടുമെന്നും ഖാർഘെ
റായ്പൂര്‍ | ബി ജെ പിക്കെതിരെ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ്സിന് മാത്രമാണെന്നും മൂന്നാം മുന്നണിയുടെ ഉദയം ബി ജെ പിക്കാണ് ഗുണകരമാകുക എന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഘെ. ചത്തീസ്ഖണ്ഡലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ഖാർഘെയുടെ അഭിപ്രായ പ്രകടനം.
2004ല്‍ ബി ജെ പിയെ പരാജയപ്പെടുത്തിയതിന് സമാനമായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമാനമനസ്‌കരായ പാര്‍ട്ടികള്‍ ചേര്‍ന്നു നില്‍ക്കണമെന്നും ഖാര്‍ഘെ പറഞ്ഞു.
2004 മുതല്‍ 2014 വരെ യു പി എ സര്‍ക്കാര്‍ നടത്തിയ ഭരണ മികവിനെയും ഖാര്‍ഘെ എടുത്തുപറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തില്‍ ബി ജെ പി, കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികളുടെ മുന്നണി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്റെ നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും വെസ്റ്റ് ബെംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലും ബി ജെ പി, കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളുടെ മുന്നണി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നേരത്തെ, നാഗലാന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയും സമാനമായ ആശയം ഖാര്‍ഘെ പ്രകടിപ്പിച്ചിരുന്നു.