National
തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡിഎംകെയുടെ ജി-പേ പോസ്റ്റര്‍
അഴിമതികള്‍ മുഴുവന്‍ കാണൂ എന്നെഴുതിയ പോസ്റ്ററുകളില്‍ ഒരു ബാര്‍കോഡും നല്‍കിയിട്ടുണ്ട്. ഈ ബാര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതോടെ ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തിന്റെ വിവരങ്ങളടങ്ങിയ വിഡിയോ ദൃശ്യമാകും.
ചെന്നൈ | ഏപ്രില്‍ 19ന് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള ജി-പേ പോസ്റ്ററുകളുമായി ഡിഎംകെയുടെ പ്രചാരണം. അഴിമതികള്‍ മുഴുവന്‍ കാണൂ എന്നെഴുതിയ പോസ്റ്ററുകളില്‍ ഒരു ബാര്‍കോഡും നല്‍കിയിട്ടുണ്ട്. ഈ ബാര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതോടെ ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തിന്റെ വിവരങ്ങളടങ്ങിയ വിഡിയോ ദൃശ്യമാകും.
വെല്ലൂരില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന റാലിയില്‍ ഡിഎംകെക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമര്‍ശന മുന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കായുള്ള മറുപടിയായാണ് ഡിഎംകെയുടെ ജിപേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഡിഎംകെ അഴിമതിയുടെ കുത്തകയാണെന്നും വിഭജന രാഷ്ട്രീയമാണ് ലക്ഷ്യമെന്നും ഡിഎംകെയും സഖ്യകക്ഷിയായ കോണ്‍ഗ്രസും പൊതുക്ഷേമത്തേക്കാള്‍ കുടുംബതാല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും 2ജി അഴിമതിയിലൂടെ ഡിഎംകെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് നരേന്ദ്രമോദി ആരോപിച്ചിരുന്നത്.
ഡിഎംകെ നേതാക്കളായ എ രാജയും കനിമൊഴിയും 2ജി സ്‌പെക്രം അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്രത്യേക കോടതി വെറുതെ വിടുകയായിരുന്നു.