National
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഡിഎംകെയും സുപ്രീം കോടതിയിൽ
പുതിയ നിയമം തമിഴ്‌നാട്ടിലെ ഏകദേശം 50 ലക്ഷം മുസ്‌ലിംകളുടെയും ഇന്ത്യയിലുടനീളമുള്ള 20 കോടിയിലധികം മുസ്‌ലിംകളുടെയും മൗലികാവകാശങ്ങളെ ലംഘിക്കുന്നതെന്ന് ഡിഎംകെ

ന്യൂഡൽഹി | കോൺഗ്രസ് ഉൾപ്പെടെ വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് പിന്നാലെ വഖഫ് (ഭേദഗതി) നിയമം 2025-ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം)യും സുപ്രീം കോടതിയിൽ ഹർജി നൽകി. ഡിഎംകെ ഉപ ജനറൽ സെക്രട്ടറിയും എംപിയുമായ എ രാജയാണ് ഹർജി ഫയൽ ചെയ്തത്. പുതിയ നിയമം തമിഴ്‌നാട്ടിലെ ഏകദേശം 50 ലക്ഷം മുസ്‌ലിംകളുടെയും ഇന്ത്യയിലുടനീളമുള്ള 20 കോടിയിലധികം മുസ്‌ലിംകളുടെയും മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 2-ന് ലോക്‌സഭയിൽ സംസാരിക്കവെ, വഖഫിനെക്കുറിച്ചുള്ള കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന കെട്ടുകഥയാണെന്ന് രാജ വിമർശിച്ചിരുന്നു. മാർച്ച് 27-ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ വഖഫ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്‌ലിം ന്യൂനപക്ഷത്തിൻ്റെ താൽപ്പര്യങ്ങൾ ഹനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി വഖഫ് ഭേദഗതി ബിൽ കേന്ദ്രമ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
വഖഫ് ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ ഇതിനകം ഫയൽ ചെയ്യപ്പെട്ട നിരവധി ഹർജികളിൽ അവസാനത്തേതാണ് ഡിഎംകെയുടെ ഹർജി. എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ അസോസിയേഷൻ തുടങ്ങിയവർ ഇതേ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയിട്ടുണ്ട്.
വഖഫ് നിയമഭേദഗതിക്ക് എതിരായ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തള്ളിയിരുന്നു.