National
ആര്‍എസ്എസ് റൂട്ട്മാര്‍ച്ച് അനുവദിക്കരുത്; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ക്രമസമാധാന പ്രശ്നങ്ങള്‍ കാരണം നിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസിന് അനുമതി നിഷേധിച്ചിരുന്നു.
ന്യൂഡല്‍ഹി| ആര്‍ എസ് എസ് റൂട്ട്മാര്‍ച്ച് അനുവദിക്കരുതെന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിനോട് നിര്‍ദേശിച്ചിരുന്നു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ കാരണം നിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസിന് അനുമതി നിഷേധിച്ച സിംഗിള്‍ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആര്‍ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആര്‍എസ്എസ് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ നടപടിക്കെതിരെ ആര്‍.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.
50 സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതില്‍ മൂന്നിടത്തു മാത്രം പരിപാടി നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി. ഇതിനെതിരെ ആര്‍ എസ്എസ് നേതാക്കള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നീ സ്ഥലങ്ങളില്‍ പരിപാടിക്ക് കോടതി അനുമതി നല്‍കിയില്ല. മറ്റു സ്ഥലങ്ങളില്‍ കര്‍ശന നിബന്ധനകളോടെ പരിപാടിക്ക് അനുമതി നല്‍കുകയായിരുന്നു.