Connect with us

vrutha visuddi

ക്ഷമ പറയാനുള്ള മനസ്സ് കാണാതെ പോകരുത്

മനുഷ്യരാകുന്‌പോള്‍ പിഴവുകളും പിശകുകളും സാധാരണയാണ്.

Published

|

Last Updated

തെരുവിലൂടെ തിരക്കിട്ട് നടക്കുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് ഒരാള്‍ നിങ്ങളുടെ ദേഹത്ത് മുട്ടുന്നു. ഭാവമാറ്റമൊന്നുമില്ലാതെ അയാള്‍ നടന്ന് പോകുകയും ചെയ്തു. അയാളെക്കുറിച്ച് എന്ത് തോന്നും. അറിയാതെ വന്നിടിച്ചത് ഒരു പ്രശ്‌നമല്ല. അത് നമുക്ക് വേദനയുണ്ടാക്കിയിട്ടുമില്ല. എങ്കിലും ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അയാള്‍ കടന്നുപോയതില്‍ നമുക്ക് വല്ലായ്മ തോന്നും.
മനഃപൂര്‍വമല്ലാതെ സംഭവിച്ചതാണെങ്കില്‍ പോലും ഒന്ന് ക്ഷമാപണം നടത്തിയിരുന്നുവെങ്കില്‍, കുറ്റബോധത്തോടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാന്‍ മനസ്സ് വെച്ചിരുന്നുവെങ്കില്‍ നമുക്ക് അദ്ദേഹത്തോട് അതൃപ്തി തോന്നുകയില്ലായിരുന്നു.
മനുഷ്യരാകുന്‌പോള്‍ പിഴവുകളും പിശകുകളും സാധാരണയാണ്. അവര്‍ കുറ്റകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യും. വ്യക്തികള്‍ പരസ്പരം ഇച്ഛാഭംഗമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയോ വാക്പ്രയോഗങ്ങള്‍ നടത്തുകയോ ചെയ്യുമ്പോള്‍ വീഴ്ച വരുത്തിയവനില്‍ നിന്നുള്ള സോറി എന്നൊരു വാക്ക് അല്ലെങ്കില്‍ ക്ഷമിക്കണമെന്ന ഒരഭ്യര്‍ഥന രംഗം തണുപ്പിക്കാന്‍ ഉപയുക്തമാണല്ലോ.
അതുപോലെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ നിരാകരിക്കുന്നതിലൂടെ വിശ്വാസികള്‍ അവന്റെ അതൃപ്തിക്കും ഇഷ്ടക്കേടിനും അര്‍ഹരായി തീരുന്നുണ്ട്. ഇതില്‍ നിന്ന് മോചനം കിട്ടാന്‍ അല്ലാഹുവിനോട് ക്ഷമാപണം നടത്തണം. ഇതാണ് പാപമോചന പ്രാര്‍ഥന അഥവാ പൊറുക്കലിനെ തേടല്‍.
സൂറതുന്നിസാഇലെ 104ാം സൂക്തത്തില്‍ പയുന്നു: ‘നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുക. നിശ്ചയം അല്ലാഹു ഏറെ പൊറുത്ത് തരുന്നവനും കാരുണ്യം ചെയ്യുന്നവനുമാകുന്നു’. പാപസുരക്ഷിതത്വമുള്ള മുഹമ്മദ് നബി(സ) വരെ ദിവസവും പാപമോചനം തേടിയിരുന്നുവെന്ന ഹദീസുകളിലെ പരാമര്‍ശം ഇതിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
പാപമുക്തിക്കായുള്ള പ്രാര്‍ഥനകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന ദിവസങ്ങളാണ് റമസാനിന്റെ രണ്ടാമത്തെ പത്തിലുള്ളത്. തെറ്റുകള്‍ സംഭവിക്കുന്ന മാത്രയില്‍ തന്നെ പൊറുക്കലിനെ തേടേണ്ടതാണെങ്കിലും പലപ്പോഴും നമുക്കതിന് കഴിയാറില്ല. എന്നാല്‍, പാപമുക്തിക്കായി പ്രത്യേകമാക്കിയ നിമിഷത്തിലും അത് ചെയ്യുന്നില്ലെങ്കില്‍ നാം കഠിന മനസ്‌കരായി തീരും.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസിലൂടെ നബി(സ)പറയുന്നു: പാപമോചനം പതിവാക്കുന്നവരെ അല്ലാഹു എല്ലാ പ്രയാസത്തില്‍ നിന്നും രക്ഷപ്പെടുത്തും. അവരുടെ മനോവിഷമങ്ങള്‍ക്ക് ആശ്വാസം കിട്ടും. പ്രതീക്ഷിക്കാത്ത വിധത്തില്‍ അവര്‍ക്ക് സമൃദ്ധി ലഭിക്കുകയും ചെയ്യും.
യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ ദോഷങ്ങള്‍ ചെയ്ത്കൂട്ടുന്നവര്‍ക്കല്ല, അത് പൊറുപ്പിക്കാനായി അല്ലാഹുവിലേക്ക് മനസ്സ് തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഔദാര്യങ്ങളാണ് മേല്‍പറഞ്ഞ ഹദീസിലുള്ളത്.

 

Latest