Connect with us

abdul nasar madhani

മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുത്; മന്ത്രി ജി ആര്‍ അനില്‍

കഴിഞ പത്ത് വര്‍ഷായി വിചാരണപോലും നടത്താതെ മഅ്ദനിയെ വേട്ടയാടുന്നു; ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്‌

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി ആര്‍ അനില്‍. ജാമ്യമോ, വിചാരണയോ, ചികിത്സയോ നല്‍കാതെ സ്റ്റാന്‍ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയില്‍നിന്ന് ഭരണകൂടത്തെപ്പോലെ നീതിപീഠങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. ഭരണകൂടം മഅ്ദനിയേയും അത്തരത്തില്‍ ഒരാളാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജനാധിപത്യ പൗരാവകാശ സമൂഹങ്ങള്‍ രംഗത്തുവരണമെന്ന് ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. കേരള സിറ്റിസണ്‍ ഫോറം സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ അനുശോചനമല്ല ദയയും നീതിയുമാണ് പ്രതീക്ഷിക്കുന്നത്. ജയിലുകളില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ക്ക് ആര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനാകുക. വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടമാണ് രാജ്യത്തുള്ളത്. മഅ്ദനിയുടെ മോചനം അനിവാര്യതയാണ്. അതില്‍ രാഷ്ട്രീയമില്ല. വിചാരണ പോലും നടത്താതെ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിച്ച് തടവിലിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും അനില്‍ പറഞ്ഞു.

കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.