kerala curriculum reformation
പാഠ്യപദ്ധതി പരിഷ്‌കരണം പാളരുത്
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയിലേക്ക് കേരളം മാറുകയും അതിന് സ്‌കൂളുകളില്‍ നിന്ന് തുടക്കമിടുകയും ചെയ്താല്‍ വിവേചനങ്ങളില്ലാത്ത, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്ലാത്ത ഒരു സമൂഹത്തെ നിര്‍മിക്കാനാകുമെന്ന് പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്നു. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ മറവില്‍ ലിബറല്‍ അജന്‍ഡകള്‍ ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്.
കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പാഠ്യപദ്ധതി വിദ്യാഭ്യാസ രംഗത്ത് നവീകരണം സാധ്യമാക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ജനാധിപത്യ, ധാര്‍മിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതും യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ലിബറല്‍ ആശയങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നതുമായ നിര്‍ദേശങ്ങളെ ഉള്‍വഹിക്കുന്നുണ്ട്. ജെന്‍ഡറിനെ കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലുള്ള ലിംഗാവബോധത്തിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്നും ലിംഗവിവേചനം ഉണ്ടാകുന്നതെന്നും സര്‍ക്കാര്‍ നയരേഖ വ്യക്തമാക്കുന്നു. പഠന ബോധന രീതികള്‍, സ്‌കൂള്‍ ക്യാമ്പസ്, കളിസ്ഥലം എന്നിവ ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം വരുത്താന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നും പാഠ്യപദ്ധതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയിലേക്ക് കേരളം മാറുകയും അതിന് സ്‌കൂളുകളില്‍ നിന്ന് തുടക്കമിടുകയും ചെയ്താല്‍ വിവേചനങ്ങളില്ലാത്ത, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്ലാത്ത ഒരു സമൂഹത്തെ നിര്‍മിക്കാനാകുമെന്ന് പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന് പിന്നാലെയുണ്ടായ ആണ്‍ – പെണ്‍ കുട്ടികളെ ഒരുമിച്ചിരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ബോയ്‌സ് – ഗേള്‍സ് സ്‌കൂളുകള്‍ നിരോധിച്ച് മിക്‌സഡ് സ്‌കൂളുകള്‍ മാത്രം നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ വ്യഗ്രതയും ഈ പദ്ധതി നിര്‍വഹണത്തിന്റെ പിന്തുടര്‍ച്ചയെന്നോണമാണ്.
ലിംഗവിവേചനവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കൂടുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ് എന്ന് അംഗീകരിക്കുന്നു. എന്നാല്‍ അതിനുള്ള പരിഹാരം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതല്ല എന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ നിന്ന് വ്യക്തമാകും. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ മറവില്‍ ലിബറല്‍ അജന്‍ഡകള്‍ ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ട് ഉണ്ടാകുമെന്ന് അവകാശപ്പെട്ട നേട്ടങ്ങള്‍ വെറും പൊള്ളയാണെന്നും പകരം സാമൂഹിക വ്യവസ്ഥിതിയെ തന്നെ തകര്‍ക്കുന്ന അപകടങ്ങള്‍ അതില്‍ പതിയിരിപ്പുണ്ടെന്നും കണക്കുകളും വസ്തുതകളും വ്യക്തമാക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട പഠനങ്ങള്‍ അത് തെളിയിക്കുന്നുണ്ട്. ജന്‍ഡര്‍ ഗ്യാപ് ഏറ്റവും കുറവുള്ള, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സ്ത്രീ പീഡനത്തിന്റെ തോത് വളരെയധികം വര്‍ധിക്കുന്നു എന്ന് ആ കണക്കുകള്‍ മുന്നോട്ട് വെക്കുന്നു. പഠനത്തിന്റെ ഭാഗമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ കുമി നായിഡു നടത്തിയ “ജെന്‍ഡര്‍ ന്യൂട്രാലിറ്റി ശക്തമായ രീതിയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നോര്‍ഡിക് രാജ്യങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഉയര്‍ന്ന തോതിലുള്ള സ്ത്രീപീഡനങ്ങള്‍ ഒരു വിരോധാഭാസമാണ്’ എന്ന പ്രസ്താവന, ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ട് ലിംഗവിവേചനമോ സ്ത്രീപീഡനങ്ങളോ തടയാന്‍ ആകില്ലെന്ന് മാത്രമല്ല വര്‍ധിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും വ്യക്തമാക്കുന്നു.
സ്ത്രീകളുടെ ഉന്നമനത്തിന് മുറവിളി കൂട്ടുന്നവരാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകല്‍പ്പിക്കുന്ന ഈ ആശയത്തെ പിന്തുണക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം. രാജ്യത്ത് സ്ത്രീകള്‍ക്ക് സവിശേഷമായ പരിഗണനയും സംരക്ഷണവും നല്‍കുന്നുണ്ടെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാകുന്നതോടെ അതും നഷ്ടമാകുകയാണ് ചെയ്യുക. സ്ത്രീ ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ക്ക് സവിശേഷമായ ഒരു പരിഗണന നല്‍കാന്‍ ജന്‍ഡര്‍ ന്യൂട്രല്‍ വ്യവസ്ഥയില്‍ സാധിക്കില്ല. ജന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഫിന്‍ലാന്‍ഡില്‍ ഓരോ വര്‍ഷവും 50,000 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഡെന്‍മാര്‍ക്കില്‍ 24,000 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഇതൊന്നും തള്ളിക്കളയേണ്ട ചെറിയ കണക്കുകളല്ലല്ലോ.
സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ കൂടുമ്പോഴും അവര്‍ക്ക് മതിയായ നിയമപരിരക്ഷ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക നിയമങ്ങളോ അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവരണങ്ങളോ ജെന്‍ഡര്‍ ന്യൂട്രാലിറ്റി രാജ്യങ്ങളില്‍ നടപ്പാക്കാനാകില്ല. വികലമായ നിയമ നിര്‍മാണങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാകുന്നതില്‍ നിന്ന് അവരെ തടയുന്നുവെന്ന് നോര്‍ഡിക് രാജ്യങ്ങളിലെ ലൈംഗികാതിക്രമത്തിന് ഇരയായവരുമായി നടത്തിയ അഭിമുഖത്തില്‍ ഇരകള്‍ തന്നെ വ്യക്തമാക്കുന്നു. അമേരിക്കയില്‍ മാത്രം ആണ്‍ കുട്ടികളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികള്‍ വിഷാദത്തിന് അടിമയാകുന്നു എന്ന പ്യൂ റിസര്‍ച്ച് പുറത്തുവിട്ട പഠനവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ട് ഉണ്ടാകുമെന്ന് അവകാശപ്പെട്ട നേട്ടങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കപ്പെടുന്നതോടൊപ്പം കൂടുതല്‍ അപകടങ്ങള്‍ ഇതുവഴി ഉണ്ടാകുമെന്ന് കൂടി പഠനങ്ങള്‍ തെളിയിക്കുന്നു. അതില്‍ ഏറ്റവും ആശങ്ക പകരുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ രാജ്യങ്ങളില്‍, തങ്ങള്‍ ഏത് ലിംഗത്തില്‍ പെട്ടവരാണ് എന്ന് അറിയാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നു എന്നതാണ്. സ്റ്റാറ്റിസ്റ്റ ഗ്ലോബല്‍ കണ്‍സ്യൂമര്‍ സര്‍വേ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമായി പറയുന്നു.
അമേരിക്കയില്‍ 1946 മുതല്‍ 1964 വരെയുള്ള കാലയളവിനിടയില്‍ ജനിച്ചവരില്‍ 95 ശതമാനം ആളുകള്‍ക്കും തങ്ങളുടെ ജെന്‍ഡറിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ 1995 മുതല്‍ 2012 വരെയുള്ള സമൂഹത്തില്‍ 77 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ ജെന്‍ഡര്‍ ഏതെന്ന് വ്യക്തതയുള്ളവര്‍. യൂനിവേഴ്‌സിറ്റി ഓഫ് മിനസോട്ട നടത്തിയ പഠനങ്ങള്‍ കുറച്ചു കൂടി ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് പുറത്തു വിടുന്നത്. തങ്ങള്‍ ഏത് ജെന്‍ഡറാണ് എന്ന് തിരിച്ചറിയാതെ വിഷമിക്കുന്നവര്‍ യു എസിലെ കൗമാരക്കാരില്‍ കൂടുന്നു എന്നതിനൊപ്പം മാനസികവും – ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരം ആളുകളില്‍ വളരെയധികം കാണുന്നു എന്നും ഈ പഠനം വ്യക്തമാക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആരോഗ്യ വകുപ്പ് കൗമാര പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ജെന്‍ഡര്‍ തിരിച്ചറിയപ്പെടാത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ 1,500 ശതമാനം വര്‍ധിച്ചു എന്നും ശരിവെക്കുന്നു. സമൂഹം അടിച്ചേല്‍പ്പിച്ച ലിബറല്‍ രാഷ്ട്രീയത്തിന്റെയും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളുടെയും ഇടയില്‍ നിന്ന് സ്വയം തിരിച്ചറിയാനാകാതെ പോകുന്ന നിസ്സഹായതയാണിവിടെ വ്യക്തമാകുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ തുടക്കത്തില്‍ തന്നെ പ്രതിരോധിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ലിബറലിസം ആഗോള തലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന അപകടകരമായ ആശയത്തിന്റെ തുടക്കത്തിലാണ് ഇന്ന് നാമുള്ളത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് പകരം ലിബറല്‍ ആശയങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഇത് കൊണ്ടെല്ലാം ലക്ഷ്യം വെക്കുന്നത്. സ്‌കൂള്‍ പോലുള്ള ഒരു പൊതു ഇടത്തില്‍, ലിബറലിസത്തിന്റെ അപകടങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത കുട്ടികളില്‍ ആസൂത്രിതമായി ലിബറലിസ ചിന്തകള്‍ നട്ടുപിടിപ്പിക്കുന്നതും അതിന്റെ തുടര്‍ച്ചയെന്നോണം സമൂഹത്തില്‍ പൂര്‍ണമായും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതും ധാര്‍മിക സമൂഹത്തിന് അംഗീകരിക്കാനാകില്ല. അധികാരം ഉപയോഗിച്ച് സ്വന്തം ആശയങ്ങള്‍ നടപ്പാക്കുകയെന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനെ പ്രതിരോധിക്കുകയെന്നത് ഭരണഘടനാ സംരക്ഷണവും.
താന്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സമൂഹത്തെയും ജനതികപരമായും ബാഹ്യപരമായും ഇരുധ്രുവങ്ങളിലുള്ള മനുഷ്യരെയും സൃഷ്ടിക്കുന്ന, അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന ഇത്തരം ആശയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്. ഇപ്പോഴുള്ള സാമൂഹിക, ധാര്‍മിക വ്യവസ്ഥിതിയെ താറുമാറാക്കാതിരിക്കാന്‍ സമൂഹം ജാഗ്രത കാണിക്കേണ്ട സമയമാണിത്.