International
ഇസ്‌റാഈലിന് സൈനിക സഹായം നല്‍കരുത്; യു.എസില്‍ പ്രതിഷേധം
യു.എസും ഇസ്‌റാഈലും ചേര്‍ന്ന് വലിയ യുദ്ധക്കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പ്രക്ഷോഭക്കാരുടെ പ്രധാന പരാതി.
കാലിഫോര്‍ണിയ| ഇസ്റാഈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയുധങ്ങളുമായി യു എസിൽ നിന്ന് പുറപ്പെട്ട കേപ് ഒര്‍ലാന്‍ഡോ കപ്പല്‍ യു.എസിലെ ഓക്ലന്‍ഡ് തുറമുഖത്ത് പ്രക്ഷോഭകര്‍ തടഞ്ഞു. ഇസ്‌റാഈലിന് സൈനിക സഹായം നല്‍കരുതെന്നും വെടിനിര്‍ത്തണമെന്നുമുള്ള ബാനറുകളും ഫലസ്തീന്‍ പതാകകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം നടത്തിയത്. കപ്പലിന്റെ മുന്നില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി കപ്പല്‍ പുറപ്പെടുന്നത് തടയുകയായിരുന്നു പ്രക്ഷോഭകര്‍.
പ്രക്ഷോഭത്തിന് അറബ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍ സെന്ററാണ് നേതൃത്വം നല്‍കിയത്. യു.എസും ഇസ്‌റാഈലും ചേര്‍ന്ന് വലിയ യുദ്ധക്കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പ്രക്ഷോഭക്കാരുടെ പ്രധാന പരാതി. ഒന്‍പതുമണിക്കൂറോളം കപ്പല്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും ശേഷം കപ്പല്‍ പുറപ്പെട്ടു. അടുത്ത സ്റ്റോപ്പില്‍ പ്രക്ഷോഭം ശക്തിയാര്‍ജിക്കുമെന്നായിരുന്നു പ്രക്ഷോഭക്കാരുടെ വെല്ലുവിളി. അതേസമയം കപ്പലില്‍ അതിക്രമിച്ചുകടന്നതിന്
മൂന്ന് പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ട്.