Connect with us

editorial

വിഭജനത്തിന്റെ മുറിവുകൾ കുത്തിപ്പഴുപ്പിക്കരുത്

ജവഹൽലാൽ നെഹ്‌റുവാണ് ഇന്ത്യാ വിഭജനത്തിന് ഉത്തരവാദിയെന്നും മുഹമ്മദലി ജിന്നയുടെ സമ്മർദങ്ങൾക്ക് നെഹ്‌റു വഴങ്ങുകയായിരുന്നുവെന്നും പ്രചരിപ്പിക്കുക വഴി വിഭജനത്തിൽ ഹിന്ദുത്വ ഫാസിസത്തിനുള്ള പങ്ക് തേച്ചുമായ്ച്ചു കളയുകയാണ് ആർ എസ് എസ് ആവിഷ്‌കരിച്ച ഈ ദിനാചരണത്തിന്റെ യഥാർഥ ലക്ഷ്യം.

Published

|

Last Updated

“വിഭജന ഭീതിദിന’ ആചരണം കൂടുതൽ വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. നേരത്തേ ബേങ്കുകൾ ഉൾപ്പെടെ കേന്ദ്ര നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളോട് ആചരണത്തിൽ പങ്കാളികളാകാൻ ആവശ്യപ്പെട്ട സർക്കാർ, ഈ വർഷം യൂനിവേഴ്‌സിറ്റികളും കേന്ദ്രീയ വിദ്യാലയങ്ങളും ദിനാചരണം നടത്തണമെന്നാവശ്യപ്പെടുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്നലെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന വിഭജന ദിനാചരണത്തിൽ ഡൽഹി സർവകലാശാല അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെടുകയും ഇതടിസ്ഥാനത്തിൽ 20 അധ്യാപകരെ വീതം ചടങ്ങിലേക്കയക്കാൻ തങ്ങളുടെ കീഴിലുള്ള കോളജുകളോട് സർവകലാശാല ആവശ്യപ്പെടുകയുമുണ്ടായി. ഇതിനെതിരെ അധ്യാപക സമൂഹം രംഗത്ത് വരികയും ചെയ്തു.
2021ലാണ് കേന്ദ്രത്തിലെ ബി ജെ പി സർക്കാർ ആഗസ്റ്റ് 14 ഇന്ത്യാ വിഭജന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

വിഭജനത്തിന്റെ ഭീകരതകൾ ഓർമിപ്പിക്കുക, ഇനിയും വിഭജന ചിന്തകൾ ഉയർന്നുവരാതിരിക്കാൻ വിദ്യാർഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമായി സർക്കാർ പറയുന്നത്. എന്നാൽ, പ്രഥമ പ്രധാനമന്ത്രി ജവഹൽലാൽ നെഹ്‌റുവാണ് ഇന്ത്യാ വിഭജനത്തിന് ഉത്തരവാദിയെന്നും മുഹമ്മദലി ജിന്നയുടെ സമ്മർദങ്ങൾക്ക് നെഹ്‌റു വഴങ്ങുകയായിരുന്നുവെന്നും പ്രചരിപ്പിക്കുക വഴി വിഭജനത്തിൽ ഹിന്ദുത്വ ഫാസിസത്തിനുള്ള പങ്ക് തേച്ചുമായ്ച്ചു കളയുകയാണ് ആർ എസ് എസ് ആവിഷ്‌കരിച്ച ഈ ദിനാചരണത്തിന്റെ യഥാർഥ ലക്ഷ്യം. നെഹ്‌റുവാണ് വിഭജനത്തിന് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പറയാറുണ്ട്. 2020 ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് മോദി പറഞ്ഞു. “ആരോ ഒരാൾക്ക്

പ്രധാനമന്ത്രിയാകണമായിരുന്നു. അങ്ങനെയാണ് ഇന്ത്യയെ രണ്ടായി വിഭജിച്ച് കൊണ്ടുള്ള രേഖ വരക്കപ്പെട്ടത്. നെഹ്‌റുവിനെ ലക്ഷ്യമാക്കിയായിരുന്നു ഈ ഒളിയമ്പ്. ഇന്ത്യാ വിഭജനമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് 1876ൽ ഖോരക്പൂരിൽ നടന്ന പൊതുയോഗത്തിൽ ആര്യസമാജത്തിന്റെ നേതാവും തീവ്രഹിന്ദുത്വ ഫാസിസ്റ്റുമായിരുന്ന ലാല ലജ്പത് റായിയായിരുന്നു. പലയിടങ്ങളിലായി ആര്യസമാജക്കാർ മുന്നോട്ടു വെച്ച ഈ ആശയം 1937ൽ അഹമ്മദാബാദിൽ ചേർന്ന ഹിന്ദു മഹാസഭയും ഏറ്റുപിടിച്ചു. പ്രസ്തുത സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗത്തിൽ വി ഡി സവർക്കർ പറഞ്ഞു: “ഏക രാഷ്ട്രമായി നിലനിൽക്കാൻ ഇന്ത്യക്ക് കഴിയില്ല. മുഖ്യമായി ഇന്ത്യയിൽ രണ്ട് രാഷ്ട്രങ്ങളുണ്ട്. ഹിന്ദുക്കളുടേതും മുസ്‌ലിംകളുടേതും’. അതുകഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം 1940ലാണ് ആൾ ഇന്ത്യാ മുസ്‌ലിം ലീഗ് വിഭജന ആവശ്യം ഉന്നയിക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകൾക്കെതിരെ വർഗീയ അക്രമം വർധിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് മുസ്‌ലിം ലീഗ് വിഭജനത്തെ അനുകൂലിച്ചത്. ആ ഘട്ടത്തിലൊന്നും ജവഹർലാൽ നെഹ്‌റു വിഭജനത്തെ അനുകൂലിച്ചിരുന്നില്ല. പ്രശസ്ത പത്രപ്രവർത്തകനായ ജാക്വേസ് മാർക്യൂസ് 1946ൽ ഫ്രാൻസിലേക്ക് മടങ്ങുമ്പോൾ നെഹ്‌റുവിനെ സന്ദർശിച്ചിരുന്നു. ദീർഘ സംഭാഷണത്തിന് ശേഷം മാർക്യൂസിനെ യാത്രയാക്കുമ്പോൾ ശുഭാപ്തി വിശ്വാസത്തോടെ നെഹ്‌റു പറഞ്ഞതിങ്ങനെയായിരുന്നു: “മാർക്യൂസ്, മൂന്ന് കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്: ഇന്ത്യ ഒരിക്കലും ഒരു ഡൊമിനിക് രാജ്യമാകില്ല. രണ്ട്: ഒരിക്കലും പാകിസ്താൻ ജന്മമെടുക്കില്ല. മൂന്ന്: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ വർഗീയ ലഹളകൾ ഉണ്ടാകില്ല’. വിഭജനത്തോടുള്ള നെഹ്റുവിന്റെ വിയോജിപ്പ് ഇതിൽ നിന്ന് വ്യക്തമാണ്.

ഹിന്ദുത്വ ഫാസിസത്തിന്റെ കഠിന വിരോധിയായിരുന്നു നെഹ്‌റു. എന്താണ് ഫാസിസമെന്ന് അദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരുന്നു. ഇതാണ് ആർ എസ് എസിന്റെ നെഹ്‌റു വിരോധത്തിന്റെയും വിഭജനദിനാചരണത്തിലുടെ നെഹ്‌റുവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും പശ്ചാത്തലം. നിയമജ്ഞനും ഭരണഘടനാ വിദഗ്ധനും ചരിത്രപണ്ഡിതനുമായ നൂറാനി എഴുതുന്നു: “ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച മതേതര ജനാധിപത്യ രാജ്യമായിരുന്നു നെഹ്‌റുവിന്റെ സങ്കൽപ്പം. ആർ എസ് എസിന്റെയും അതിന്റെ രാഷ്ട്രീയ ശിശുവിന്റെയും പ്രത്യയ ശാസ്ത്രത്തിന് കടക വിരുദ്ധമായിരുന്നു ഇത്. പല്ലും നഖവും ഉപയോഗിച്ച് നെഹ്‌റു അവരെ എതിർത്തു. ആർ എസ് എസ് ഏറ്റവും കൂടുതൽ എതിർത്ത കോൺഗ്രസ്സുകാരൻ നെഹ്‌റുവായിരുന്നു. വിഭജനാനന്തരം ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നായിരുന്നു അവരുടെ താത്പര്യം. നെഹ്‌റുവും പട്ടേലും ഗാന്ധിജിയും അതിനെ എതിർത്തു. വാക്കിലും അർഥത്തിലും ഇത് സാക്ഷാത്കരിക്കേണ്ട ചുമതല
നെഹ്‌റുവിനായിരുന്നു’.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ടതും ഭീതിദവുമായ സംഭവമായിരുന്നു വിഭജനമെന്നതിൽ തർക്കമില്ല. അതുമായി ബന്ധപ്പെട്ട മുൻവിധികളും അപ്പേരിൽ പ്രചരിപ്പിക്കപ്പെടുന്ന കല്ലുവെച്ച നുണകളും വിഭജനം സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജ്യം മറക്കാൻ ശ്രമിക്കുന്ന അന്നത്തെ ഓർമകളെ വീണ്ടും ജനമധ്യത്തിലേക്കെടുത്തിട്ട് വിഭജനം സൃഷ്ടിച്ച മുറിവുകൾക്ക് ആക്കം കൂട്ടുകയല്ല, അവ ഉണക്കി സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ്
വേണ്ടത്.

ദേശീയ സമരത്തിലെ ജ്വലിക്കുന്ന ഓർമകളും ഐതിഹാസികമായ പോരാട്ടങ്ങളും വിദേശകരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിൽ അന്നത്തെ നേതാക്കൾ സഹിച്ച ത്യാഗങ്ങളുമാണ് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ അനുസ്മരിക്കേണ്ടത്. രാജ്യത്തിന്റെ ശാപമായ വംശീയതയും വിദ്വേഷവും വർഗീയ ചിന്താഗതിയും ശക്തിപ്പെടുത്തുകയായിരിക്കും മറക്കാനാഗ്രഹിക്കുന്ന വിഭജനത്തിന്റെ കറുത്ത നാളുകളെ ഓർത്തെടുക്കുകയും ചർച്ചക്കിടുകയും ചെയ്യുന്നതിന്റെ തിക്തഫലം.

Latest