Connect with us

Kerala

ബ്രഹ്മപുരം ആവർത്തിച്ചു കൂടാ: കാന്തപുരം

ദുരന്തത്തെ കുറിച്ച് പഠിച്ച് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തണമെന്നും കാന്തപുരം നിർദേശിച്ചു

Published

|

Last Updated

കോഴിക്കോട് | ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചത് ഭരിക്കുന്നവർക്കും ജനങ്ങൾക്കുമുള്ള വലിയ പാഠമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മാലിന്യ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ അതീവ ശ്രദ്ധ പുലർത്തണം. ദീർഘകാലത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. കൊച്ചിയിലെ ജനങ്ങൾ അനുഭവിച്ചത് ഗുരുതര പ്രശ്‌നമാണ്. ഇത് ആവർത്തിച്ചു കൂടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ജനവാസ മേഖലകളെ ഒഴിവാക്കി മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കണം. അതിന് വിദേശ രാജ്യങ്ങളിലടക്കമുള്ളവരുടെ വൈദഗ്ധ്യവും അറിവും ഉപയോഗപ്പെടുത്തണം. രാജ്യത്തിനകത്ത് തന്നെ വിജയകരമായി നടപ്പാക്കുന്ന മാതൃകകൾ കണക്കിലെടുക്കണം. ഇപ്പോഴുണ്ടായ ദുരന്തത്തെ കുറിച്ച് വിശദമായി പഠിച്ച് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തുകയും വേണമെന്ന് കാന്തപുരം നിർദേശിച്ചു.

മണ്ണ്, വെള്ളം, വായു തുടങ്ങി പ്രകൃതി വിഭവങ്ങൾ മലിനമാക്കുന്ന ഒരു ഇടപെടലും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അതുവഴി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതും കുറ്റകരമായ കാര്യമായാണ് മതം കാണുന്നതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

Latest