Kerala
വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്; പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം
പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം.
കൊച്ചി | വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ മുന്‍ എം എല്‍ എ. പി സി ജോര്‍ജിന് സോപാധിക ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. ജാമ്യ ഉത്തരവ് വൈകിയാണ് പുറപ്പെടുവിച്ചത് എന്നതിനാല്‍ ജോര്‍ജിന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.
ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പി സി ജോര്‍ജിനെ ആര് നിയന്ത്രിക്കുമെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നും ശബ്ദ പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.