Editorial
വീണ്ടും നികുതിക്കൊള്ളക്ക് മുതിരരുത്
ജി എസ് ടി വരുമാനം പ്രതിമാസം രണ്ട് ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് നികുതി വര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. രാജ്യത്തെ പണപ്പെരുപ്പ സൂചിക അപായകരമായ നിലയില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് വരുമാന സമാഹരണത്തിനായി ഇത്തരത്തില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത്.
സര്‍വ വസ്തുക്കള്‍ക്കും വില കുതിക്കുകയാണ്. ഇന്ധന വില അടിക്കടി കൂട്ടുന്നതിന്റെ പ്രഭാവം ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ പ്രകടമാണ്. എണ്ണ വില വര്‍ധനവിന്റെ ആഘാതം സമ്പദ് വ്യവസ്ഥയുടെ സര്‍വ മേഖലയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനിടയില്‍, കൊവിഡ് ഉണ്ടാക്കിയ വരുമാന നഷ്ടം മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സാധിക്കാവുന്നിടത്തൊക്കെ നികുതിയും ഫീസും കൂട്ടുകയാണ്. ഈ സ്ഥിതിവിശേഷം വലിയ പണപ്പെരുപ്പത്തിന് വഴി വെക്കുന്നുണ്ട്. കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയുകയും മൊത്ത, ചില്ലറ വില ഉയരുകയും ചെയ്യുന്നതാണല്ലോ പണപ്പെരുപ്പം. ഈ പ്രതിസന്ധി മറികടക്കാന്‍ ആര്‍ ബി ഐ അതിന്റെ പണനയത്തില്‍ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാകുന്നുണ്ട്. എന്നാല്‍ പണനയം കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ല. പൊതു ധനകാര്യ (ഫിസ്‌കല്‍) നയം കൂടി മാറണം. ഇതിന്റെ പ്രധാന ഭാഗം നികുതി നയം തന്നെയാണ്. ഓരോ നികുതിയും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ടാക്കും. ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കാന്‍ വ്യാപകമായ നികുതിയിളവിലേക്ക് സര്‍ക്കാറുകള്‍ നീങ്ങേണ്ട ഘട്ടമാണിതെന്ന് ചുരുക്കം. എന്നാല്‍ ഇതിന് നേര്‍ വിപരീത ദിശയിലാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടാണ് കഴിഞ്ഞ ദിവസം വന്നത്.
നിലവില്‍ ജി എസ് ടി നികുതി ഘടനയില്‍ വരുന്ന ചില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും നികുതിയില്ലാത്ത ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ നടപടിയാരംഭിച്ചുവെന്നാണ് വാര്‍ത്ത. ഇതിന്റെ ഭാഗമായി 143 ഉത്പന്നങ്ങളുടെ നികുതി വര്‍ധന സംബന്ധിച്ച് ജി എസ് ടി മന്ത്രിതല സമിതി പ്രപ്പോസല്‍ തയ്യാറാക്കിയിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിച്ച ജി എസ് ടി മന്ത്രിതല സമിതിയാണ് നികുതി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വീട് നിര്‍മാണത്തിനാവശ്യമായ വസ്തുക്കളാണ് നികുതി വര്‍ധനയുടെ പട്ടികയില്‍ പ്രധാനമായും വരുന്നതെന്നതിനാല്‍ ഭവന നിര്‍മാണ മേഖലയില്‍ വലിയ മാന്ദ്യമുണ്ടാക്കാന്‍ ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ദേശം കാരണമാകും. കൊവിഡ് വ്യാപനം ഒന്നടങ്ങിയപ്പോള്‍ സജീവമായി വരികയായിരുന്ന തൊഴില്‍ മേഖല വീണ്ടും തകരുന്നതിന് ഇത് കാരണമാകും. പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടവും ശര്‍ക്കരയുമുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും പട്ടികയിലുണ്ട്. പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വലിയ വര്‍ധനവാണിത്. ജി എസ് ടി വര്‍ധനയുണ്ടാക്കുന്ന ആഘാതം ആ നിശ്ചിത ഉത്പന്നങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു കൊള്ളണമെന്നില്ല. പത്ത് ശതമാനത്തോളം പൊതു വിലക്കയറ്റത്തിലേക്ക് ഈ നടപടി നയിച്ചേക്കാം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2017ലും 2018ലും നികുതി കുറച്ച പല ഉത്പന്നങ്ങളും പുതിയ പട്ടികയിലുണ്ട്. എന്നുവെച്ചാല്‍ അന്ന് നഷ്ടപ്പെട്ട നികുതി വരുമാനം ഇന്ന് തിരിച്ചു പിടിക്കുകയാണ് ജി എസ് ടി അധികാരികള്‍. 1.42 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ മാര്‍ച്ചിലെ ജി എസ് ടി വരുമാനം. ഇത് പ്രതിമാസം രണ്ട് ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് നികുതി വര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രാജ്യത്തെ പണപ്പെരുപ്പ സൂചിക അപായകരമായ നിലയില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് വരുമാന സമാഹരണത്തിനായി ഇത്തരത്തില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത്.
പണപ്പെരുപ്പ സൂചിക പ്രതീക്ഷിച്ചതിലും ഉയരത്തിലേക്ക് കുതിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കുതിപ്പ് കാര്യമായുണ്ടായത്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില 7.52 ശതമാനം ഉയര്‍ന്നപ്പോള്‍ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 9.4 ശതമാനം കൂടി. ഉത്പാദന ചെലവ് വര്‍ധിക്കുന്നതിനാല്‍ സര്‍വ മേഖലകളിലും വില വര്‍ധന അനുഭവപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഉപഭോക്തൃ വില സൂചിക 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
അതുകൊണ്ട്, ഈ നികുതി കൊള്ളക്കെതിരെ അടുത്ത മാസം ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത പ്രതിരോധമുയര്‍ത്തണം. ജി എസ് ടി അധികാരികള്‍ സ്വമേധയാ ഈ നടപടിയില്‍ നിന്ന് പിന്‍വാങ്ങുകയാണ് വേണ്ടത്. പ്രത്യക്ഷ നികുതി സംവിധാനത്തില്‍ നികുതി വെട്ടിപ്പും നികുതി അവധികളും യഥേഷ്ടം നടക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ഒഴിഞ്ഞ് മാറാനാകാത്ത നിലയില്‍ പരോക്ഷ നികുതികള്‍ ചുമത്തുന്നതെന്നോര്‍ക്കണം. ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഭാരം വരുത്തുന്നതാണ് പരോക്ഷ നികുതി. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറും വരുമാന നഷ്ടം നികത്താന്‍ ഇപ്പണി ചെയ്യാന്‍ പാടില്ലാത്തതാണ്. ഇന്ധന വിലയുടെ നല്ല പങ്ക് ഇത്തരം നികുതിയാണല്ലോ. എല്ലാം രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയല്ലേയെന്നതാണ് ന്യായം. പൊതു പണ വിനിയോഗത്തിലുടനീളം അഴിമതി നിറഞ്ഞ രാജ്യത്ത് നികുതി പണം മുഴുവന്‍ പബ്ലിക് ബെനിഫിറ്റായി ജനങ്ങളില്‍ എത്തുമെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വല്ലാതെ വെട്ടിക്കുറച്ചും വൈകിപ്പിച്ചും ഗ്രാന്റുകള്‍ അനുവദിക്കാതെയും കേന്ദ്രത്തിന്റെ അടക്കി ഭരണം തുടരുമ്പോള്‍ ജി എസ് ടി വര്‍ധിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകുക? എരിതീയില്‍ നികുതി ഒഴിക്കരുത്.