Connect with us

Kuwait

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ഇല്ലാതെ പരിശോധന നടത്തരുത്: കുവൈത്ത് കോടതി

മയക്കുമരുന്ന് വസ്തുക്കള്‍ കൈവശം വെച്ച കേസിലെ വിചാരണ വേളയില്‍ ആണ് കോടതി വിധി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയല്ലാതെ വീടുകളിലോ വ്യക്തികളുടെ സ്വകാര്യ വസ്തു വകകളിലോ പരിശോധന നടത്തരുതെന്ന് കുവൈത്ത് ക്രിമിനല്‍ കോടതി. മയക്കുമരുന്ന് വസ്തുക്കള്‍ കൈവശം വെച്ച കേസിലെ വിചാരണ വേളയില്‍ ആണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സുരക്ഷാ ചെക്ക് പോസ്റ്റില്‍ അസ്വാഭാവികമായി പെരുമാറിയ സ്വദേശിയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനി ടയില്‍ ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇയാളുടെ വാഹനവും ഉദ്യോഗസ്ഥന്‍ പരിശോധിക്കുകയും വാഹനത്തില്‍ നിന്നും മയക്കു മരുന്ന് കണ്ടെത്തി എന്നുമായിരുന്നു കേസ്. എന്നാല്‍, പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ഇല്ലാതെയാണ് ഉദ്യോഗസ്ഥന്‍ വാഹനം പരിശോധിച്ചതെന്നും ഇത് ഭരണഘടന പ്രകാരം തെറ്റാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തു.

തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ഇല്ലാതെ തിരച്ചില്‍ നടത്തിയതിനു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയത്. ഒരു വ്യക്തിയുടെ അസ്വാഭാവിക പെരുമാറ്റം മയക്കുമരുന്ന് കൈവശം വെച്ച കുറ്റകൃത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അടയാളമല്ലെന്നും കോടതി നിരീക്ഷിച്ചു.

 

Latest