Kerala
ക്രൂരതയരുത്; ആന എഴുന്നള്ളത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി
ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ ദൂരം വേണം. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും വേണം. ആനകള്‍ക്ക് തണല്‍ ഉറപ്പാക്കണം. ഒരു ദിവസം 125 കിലോമീറ്ററിലധികം ആനകളെ കൊണ്ടുപോകരുത്.
കൊച്ചി | ആന എഴുന്നള്ളത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ ദൂരം വേണം. ഇടയില്‍ ബാരിക്കേഡും ആവശ്യമാണ്. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും വേണം. ആനകള്‍ക്ക് തണല്‍ ഉറപ്പാക്കണം. 10 മിനുട്ടില്‍ കൂടുതല്‍ വെയിലത്ത് നിര്‍ത്തരുത്.
ഒരു ദിവസം 125 കിലോമീറ്ററിലധികം ആനകളെ കൊണ്ടുപോകരുത്. എലിഫന്റ് ലോറികള്‍ക്ക് 25 കിലോമീറ്ററിലധികം വേഗത പാടില്ല. സ്പീഡ് ഗവേണര്‍ സ്ഥാപിക്കണം. ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി യാത്ര ചെയ്യിക്കരുത്.
ആനകള്‍ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതി. സ്വകാര്യ ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് പരാതിയുണ്ടെന്നും കോടതി വ്യക്തമാക്കി.