Editors Pick
കനത്ത ചൂടിനെ നിസാരമായി കാണരുത്
ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വേനല്‍ കടുത്തതോടെ കേരളത്തില്‍ ചൂടിന്റെ കാഠിന്യം അനുദിനം വര്‍ദ്ധിക്കുകയാണ്. ചൂടിന്റെ ആധിക്യം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ദിനം പ്രതി കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നുണ്ട്. ചൂടു കൂടുമ്പോള്‍ ഉഷ്ണ തരംഗങ്ങള്‍ ഉണ്ടാവാനും തന്‍മൂലം സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്.
ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും ഉഷ്ണതരംഗം ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് കൊടും ചൂട് അധികരിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്.
കൊടും ചൂടിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കമീഷണര്‍ ഡോ. കെ വാസുകി ജോലി സമയത്തില്‍ പുനക്രമീകരണം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രില്‍ 30 വരെയാണ് തൊഴില്‍ വകുപ്പ് പുനക്രമീകരിച്ചത്. രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിരുന്നു.
പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിട്ടും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമായിരുന്നു ക്രമീകരണം ഏര്‍പ്പെടുത്തിയത്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി അടുത്തിടെ വാട്ടര്‍ ബെല്‍ സംവിധാനം കൊണ്ടുവന്നതായി വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. രാവിലെയും ഉച്ചക്കും അഞ്ച് മിനിട്ട് സമയമാണ് വെള്ളം കുടിക്കാനായി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത്.
ഒന്ന് പുറത്തിറങ്ങി വന്നാല്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. നിര്‍ജ്ജലീകരണം മുതല്‍ സൂര്യാതപം വരെയുള്ള പ്രശ്‌നങ്ങളും അവയ്‌ക്കൊപ്പം ചിക്കന്‍ പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, നേത്ര രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങളും കടുത്ത വേനല്‍ ചൂട് മൂലമുണ്ടാകുന്നതാണ്. വേനലിലെ അമിതമായ വിയര്‍പ്പു കാരണം ശരീരത്തിലെ ജലധാതു ലവണങ്ങള്‍ നഷ്ടപ്പെടുന്നതാണ് ഇവയില്‍ പല അസുഖങ്ങളിലേക്കും നയിക്കുന്നത.
ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- ശരീരത്തിന് താങ്ങാനാകാത്ത തരത്തിലുള്ള ചൂട് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് സൂര്യാഘാതം. സൂര്യാതപം എന്നിവയ്ക്ക് കാരണമാകാം.
- രാവിലെ 11 മണിമുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ വെയില്‍ ഏല്‍ക്കാതിരിക്കുക
- ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
- കുട ചൂടുകയോ തുണികൊണ്ട് തല മറയ്ക്കുകയോ ചെയ്യണം
- തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിയ്ക്കുക
- വെയില്‍ കടുക്കുന്ന സമയം പുറംജോലികള്‍ ഒഴിവാക്കുക
ചൂടിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭക്ഷണ ശീലങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.
- വറുത്തതും പൊരിച്ചതും, അധികമായി മസാല ചേര്‍ത്ത ഭക്ഷണവും, മദ്യവും ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക
- കുമ്പളം, മത്തന്‍, വെള്ളരി എന്നിവ ധാരാളമായി കഴിക്കുക
- ധാന്യത്തിന്റെ അളവ് കുറയ്ക്കുക
- നിര്‍ജലീകരണം അനുഭവപ്പെട്ടാല്‍ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക
- രാമച്ചം, നറുനീണ്ടി. നെല്ലിക്ക എന്നിവ ചതച്ച് ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്ണം കുറയ്ക്കാന്‍ സഹായിക്കും.
- ചായ, കാപ്പി എന്നിവ നിയന്ത്രിക്കുക
- മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുള്ള പാല്‍, കട്ടിയുള്ള തൈര്, മധുരം കൂടിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക
വര്‍ദ്ധിച്ചുവരുന്ന ചൂടില്‍ നിന്നും രക്ഷനേടാനായി കാലാവസ്ഥ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.