National
അനുമതിയില്ലാതെ വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫി എടുക്കരുത്; ഗോവ സര്‍ക്കാര്‍
സഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിര്‍ദേശം
പനാജി| അവധിക്കാലവും മറ്റും ആഘോഷിക്കാന്‍ ഗോവയിലേക്ക് പോകുന്നവര്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക. അടുത്ത തവണ നിങ്ങള്‍ ഗോവയിലേക്ക് പോകുമ്പോള്‍ മറ്റ് വിനോദസഞ്ചാരികളോടൊപ്പം സെല്‍ഫി എടുക്കാനോ അവരുടെ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. എന്നാല്‍ അവരുടെ അനുമതി വാങ്ങി ചിത്രങ്ങള്‍ പകര്‍ത്താം.
വിനോദസഞ്ചാരികള്‍ക്കായി ഗോവ ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉപദേശത്തിന്റെ ഭാഗമാണ് ഈ നിര്‍ദേശം. കൂടാതെ യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. മറ്റ് വിനോദസഞ്ചാരികളുടെയോ അപരിചിതരുടെയോ അനുവാദമില്ലാതെ സെല്‍ഫികളും ഫോട്ടോഗ്രാഫുകളും എടുക്കരുതെന്നും പ്രത്യേകിച്ച് സണ്‍ ബാത്ത് ചെയ്യുമ്പോഴോ കടലില്‍ നീന്തുമ്പോഴോ, അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ ബീച്ചുകള്‍ പോലെയുള്ള തുറസ്സായ സ്ഥലങ്ങളില്‍ മദ്യം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിയമപരമായി ലൈസന്‍സുള്ള ഷാപ്പുകളില്‍ നിന്നോ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയ്ക്കുള്ളില്‍ നിന്നോ മദ്യം കഴിക്കാമെന്നും ഉത്തരവിലുണ്ട്.