Health
ക്ഷീണമകറ്റാന്‍ പഞ്ചസാര കഴിക്കുന്നുണ്ടോ എന്നാല്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ
മധുര പലഹാരങ്ങളോ മധുര പാനീയങ്ങളോ കഴിക്കുമ്പോള്‍ ഒരു ഉന്മേഷവും ഉത്സാഹവും തോന്നിയേക്കാം. എന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദിവസം മുഴുവന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ക്കിടയില്‍ തളര്‍ന്നിരിക്കുമ്പോള്‍, അല്ലെങ്കില്‍ ടെന്‍ഷനടിച്ച് തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞ് ഒന്ന് എഴുന്നേല്‍ക്കുമ്പോള്‍, ഡെഡ് ലൈനിനു മുന്‍പ് വര്‍ക്ക് തീര്‍ത്തു കൊടുത്ത് ഒന്ന് സമാധാനിക്കാനും ഫ്രഷ് ആവാനും ഒക്കെ പഞ്ചസാരയെ കൂടെ കൂട്ടുന്നവരാണ് നമ്മളില്‍ ഏറെ പേരും. പഞ്ചസാര എന്ന് പറയുമ്പോള്‍ അത് പഞ്ചസാര ആയി മാത്രമല്ല ചോക്ലേറ്റുകള്‍ ആയോ ഐസ്‌ക്രീമുകള്‍ ആയോ മധുര പലഹാരമായോ സ്ട്രെസ് റിലീഫിന് നമ്മള്‍ പഞ്ചസാര ഉപയോഗിക്കാറുണ്ട്. എക്‌സാം ടൈമില്‍ ഒരു ചോക്ലേറ്റ് കൂടെ കരുതാത്ത ഒരു വിദ്യാര്‍ത്ഥിയും നമുക്കിടയില്‍ ഉണ്ടാകില്ല എന്നതാണ് സത്യം. പരീക്ഷയ്ക്ക് ഒരു ചോക്ലേറ്റ് ഉപയോഗിക്കുന്നതിലുപരി ദിവസേന സ്ട്രെസ് അകറ്റാന്‍ മധുര പലഹാരങ്ങള്‍ ഉപയോഗിക്കുന്നവരോടാണ് ഇനി പറയാനുള്ളത്.
നിങ്ങള്‍ കരുതുന്ന അത്ര നിസ്സാരമല്ല ഈ ശീലം. മധുര പലഹാരങ്ങളോ മധുര പാനീയങ്ങളോ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആ സമയത്തേക്ക് ഒരു ഉന്മേഷവും ഉത്സാഹവും ഒക്കെ തോന്നിയേക്കാം. എന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഷുഗര്‍ ഹൈ എന്ന് വിളിക്കപ്പെടുന്ന അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന ഊര്‍ജ അളവ് അനുഭവപ്പെടുകയും അത് നിങ്ങളെ പ്രൊഡക്ടീവ് ആക്കുകയും ചെയ്യുന്നു. എന്നാല് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള ഈ കുതിച്ചുചാട്ടം നിങ്ങളെ പിന്നീട് ക്ഷീണിപ്പിക്കുകയും കൂടുതല്‍ പഞ്ചസാരയുടെ ആസക്തി ഉളവാക്കുകയും ചെയ്യും.
അടിക്കടി പഞ്ചസാര കൂടുന്നത് ഒരാളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരഭാരം, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഇടയ്ക്കിടെ മധുര പലഹാരങ്ങള്‍ ആസ്വദിക്കുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ഉന്മേഷം ഉയര്‍ത്തുന്നതിനോ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനോ പഞ്ചസാരയെ ആശ്രയിക്കുന്നത് ആരോഗ്യകരമായ സമീപനമല്ല. പകരം, പഴങ്ങള്‍, പരിപ്പ്, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ പോലെ കൂടുതല്‍ സുസ്ഥിരമായ ഊര്‍ജ്ജം നല്‍കുന്ന ലഘുഭക്ഷണങ്ങളും പാനീയങ്ങളും തിരഞ്ഞെടുക്കുക. ഈ ഭക്ഷണങ്ങള്‍ അവയുടെ ഊര്‍ജ്ജം കൂടുതല്‍ സാവധാനത്തില്‍ പുറത്തുവിടുന്നു. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിര്‍ത്താനും നമ്മുടെ മാനസികാവസ്ഥ മികച്ച രീതിയില്‍ നിലനിര്‍ത്താനും സഹായിക്കുന്നു.