First Gear
ഒറ്റ കയ്യിലാണോ സ്റ്റിയറിങ് പിടിക്കാറ്; ഒരിക്കലും അരുത്
രണ്ട് കൈയും ഉപയോഗിച്ചുവേണം സ്റ്റിയറിങ് പിടിക്കേണ്ടത്. സ്റ്റിയറിങ് പിടിക്കുന്നതിന് കൃത്യമായ പൊസിഷൻ ഉണ്ട്.

വാഹനം ഓടിക്കുമ്പോൾ ചിലർ ഒറ്റ കൈകൊണ്ടുമാത്രം സ്റ്റിയറിങ് പിടിക്കുന്നത് നമ്മൾ കാണാറുണ്ട്. ഡ്രൈവിങ്ങിൽ വളരെ കോൺഫിഡൻസ് ഉള്ളവരായാണ് ഇവരെ നാം കാണാറ്. അവരും സ്വയം വിചാരിക്കുന്നത് അങ്ങനെയാണ്. എന്നാൽ ഇത് ഒഴിവാക്കേണ്ട ശീലമാണ്. രണ്ട് കൈയും ഉപയോഗിച്ചുവേണം സ്റ്റിയറിങ് പിടിക്കേണ്ടത്. പെട്ടെന്നുള്ള പ്രതികരണത്തിന് ഒറ്റ കൈകൊണ്ടുള്ള സ്റ്റിയറിങ് നിയന്ത്രണം ഫലപ്രദമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നത്. വാഹനം ഓടിക്കുമ്പോൾ സ്‌റ്റിയറിങ് ഫലപ്രദമായി ഉപയോഗിക്കാനുള്ള ചില വിദ്യകൾ പരിചയപ്പെടാം.
കൃത്യമായ പിടിത്തം
സ്റ്റിയറിങ് പിടിക്കുന്നതിന് കൃത്യമായ പൊസിഷൻ ഉണ്ട്. സ്റ്റിയറിങ് ഒരു ക്ലോക്കായി കണക്കാക്കുകയാണെങ്കിൽ ഒമ്പതിന്‍റെയും മൂന്നിന്‍റെയും സ്ഥാനത്താണ് കൈകൾ പിടിക്കേണ്ടത്. ഒരിക്കലും സ്റ്റിയറിങ്ങിന്‍റെ മുകളിലും താഴെയുമായി കൈകൾ വെക്കരുത്.
അയഞ്ഞ പിടിത്തം
സ്റ്റിയറിങ്ങിൽ മുറുകെ പിടിക്കുന്നതിനുപകരം, അയഞ്ഞ് പിടിക്കുന്നതാണ് ഉചിതം. ഇത് കൈകൾക്ക് ഫ്ലക്‌സിബിലിറ്റി നൽകുകയും വേദന ഒഴിവാക്കുകയും ചെയ്യും.
രണ്ട് കൈകൊണ്ടും പിടിക്കുക
ഇതാണ് നമ്മൾ മുകളിൽ സൂചിപ്പിച്ചത്. ഒരു കൈകൊണ്ട് സ്റ്റിയറിംഗ് പിടിക്കുന്നത് പലപ്പോഴും സ്റ്റിയറിംഗ് വീലിന്‍റെ അനിയന്ത്രിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകും. രണ്ട് കൈകളും ഉപയോഗിച്ച് സ്റ്റിയറിങ് പിടിക്കുന്നത് മികച്ച ഗ്രിപ്പും നിയന്ത്രണവും നൽകും.
സ്റ്റിയറിങ് കൈയ്‌ക്കുള്ളിൽ
സ്റ്റിയറിങ്ങിൽ ജസ്റ്റ് കൈ വയ്ക്കുകയല്ല, മുഴുവൻ കൈയ്‌ക്ക് ഉള്ളിലാക്കാൻ ശ്രമിക്കണം. തള്ളവിരൽ സ്റ്റിയറിങ്ങിന് പുറത്തേക്ക് വരുന്ന രീതിൽ പിടിക്കുന്നതാണ് ഉചിതം. ഇത് ചക്രങ്ങളിൽ മികച്ച നിയന്ത്രണം അനുവദിക്കുന്നു.
പരിശീലനം
അശാസ്‌ത്രീയമായ രീതിയിലാണ് സ്റ്റിയറിങ് പിടിച്ച് ശീലിച്ചതെങ്കിൽ തീർച്ചയായും ആ സ്വഭാവം മാറ്റണം. ഇതിന് പരിശീലനമാണ് ഒരേയൊരു വഴി.