monson mavunkal case
പുരാവസ്തുക്കൾ കൈവശം വെക്കാൻ അധികാരമുണ്ടോ?
ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും നിയമാവലികളും നിലവിലുണ്ട്
കോഴിക്കോട് | മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് പുറത്തുവന്നതോടെ പുരാവസ്തു കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വിൽപ്പനയും നടത്താൻ പറ്റുമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും നിയമാവലികളും നിലവിലുണ്ട്.
അന്റിക്വിറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുള്ളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുള്ളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും അത് നിയമപരമായി സൂക്ഷിക്കുന്നതിനുള്ള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്ര പുരാവസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫീസുകളിൽ പൊതുജനങ്ങളുടെ കൈവശമുളള പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
രജിസ്റ്ററിംഗ് ഓഫീസ് അനുവദിക്കുന്ന പുരാവസ്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ചുള്ള ആധികാരിക രേഖയാണ്. കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശൂർ സർക്കിളിന് കീഴിൽ ഇത്തരം ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കൾ കൈവശമുള്ളവർ നിയമപരമായി അത് സൂക്ഷിക്കുന്നതിനുള്ള അവകാശം ഈ രജിസ്ട്രേഷനിലൂടെയാണ് നേടേണ്ടത്. പുരാവസ്തുക്കൾ ഇന്ത്യക്കകത്ത് കൈമാറ്റം ചെയ്യുന്നതിനും ഈ ആക്ടിൽ വ്യവസ്ഥയുണ്ട്. അതുപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വസ്തുവിന്റെ ഉടമസ്ഥതയും കൈമാറ്റം ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്തതോ, ചെയ്യാത്തതോ ആയ യാതൊരു പുരാവസ്തുവും വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അവകാശമില്ല. ഇന്ത്യയിലുളള ഒരു പുരാവസ്തു മറ്റൊരു രാജ്യത്തിന് കൈമാറണമെങ്കിൽ അതിനുള്ള അവകാശം കേന്ദ്ര സർക്കാറിന് മാത്രമേയുള്ളു.
യഥാർഥത്തിൽ പുരാവസ്തുക്കൾ അല്ലാത്തതും എന്നാൽ കാഴ്ചയിൽ പുരാവസ്തു എന്നു തോന്നിക്കുന്നതുമായ വസ്തുക്കൾ വിൽപ്പന നടത്തുന്നതിനും പുറം രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അവ പുരാവസ്തുവല്ല എന്ന സാക്ഷ്യപത്രം (Non Antiqutiy certificate) ആവശ്യമുണ്ട്. മുന്പ് പറഞ്ഞ ആക്ടിൽ “പുരാവസ്തുവല്ല’ എന്ന സാക്ഷ്യപത്രം നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നുണ്ട്. ഈ സാക്ഷ്യപത്രം നൽകുന്നതിനുള്ള അധികാരവും കേന്ദ്ര പുരാവസ്തു വകുപ്പിന് മാത്രമാണ്. വിദഗ്ധ സമിതി പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ആന്റ്വിക്, നോൺ ആന്റ്വിക് വസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും ഈ ആക്ടിലുണ്ട്. അതുപ്രകാരം ലൈസൻസ് നേടി നിയമവിധേയമായി ഇത്തരത്തിലുള്ളകച്ചവടം നടത്തി വരുന്നവരും ധാരാളമുണ്ട്.