From the print
സ്വർണ കള്ളക്കടത്ത് കേസ് ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ ധൈര്യമുണ്ടോ?; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ
പിണറായി എ ഡി ജി പി നൽകുന്ന വാറോല വായിക്കേണ്ട ഗതികേടിൽ. അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കും.
നിലമ്പൂര്‍ | സ്വര്‍ണ കള്ളക്കടത്ത് കേസുകളില്‍ ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് പി വി അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടായത് 188 സ്വര്‍ണ കള്ളക്കടത്ത് കേസുകളാണ്. ഇത് ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. എ ഡി ജി പി നല്‍കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. എ ഡി ജി പിയും മുന്‍ എസ് പിയും പി ശശിയും സ്വര്‍ണം തട്ടിയെടുത്തോയെന്ന് കണ്ടെത്തണം. 188 കേസുകളില്‍ ഒരു കാരിയറെപ്പോലും ചോദ്യം ചെയ്തിട്ടില്ല.
അന്വേഷണം കൃത്യമായി നടക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്ത് കേസ് മലപ്പുറത്തെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിലെ ലക്ഷ്യം വ്യക്തമാണ്. വിമാനത്താവളം മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് ജില്ലക്ക് അടുത്താണെന്ന് എല്ലാവര്‍ക്കും അറിയാം. പിടിച്ചെടുക്കുന്ന സ്വര്‍ണം കസ്റ്റംസിന് നല്‍കണമെന്ന ചട്ടം പോലീസ് ലംഘിക്കുകയാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.
കോടിയേരിയോടും അനാദരവെന്ന്
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാതിരുന്നത് മുഖ്യമന്ത്രിക്ക് യൂറോപ്പിലേക്ക് പോകാനാണ്. കോടിയേരി യുടെ മൃതദേഹം തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചിരുന്നെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഖാവിനെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാമായിരുന്നു. ഇത് ഒഴിവാക്കിയത് കോടിയേരിയോടുള്ള അനാദരവാണെന്നും അന്‍വര്‍ പറഞ്ഞു.
രണ്ട് കാരിയര്‍മാരുടെ വീഡിയോ പുറത്തുവിട്ടു
സ്വര്‍ണ കള്ളക്കടത്തില്‍ പോലീസിന് പങ്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാടിന് രണ്ട് കാരിയര്‍മാരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു അന്‍വറിന്റെ മറുപടി. പോലീസിന്റെ കള്ളക്കടത്ത് ഇതില്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 900 ഗ്രാം വീതം കൊണ്ടുവന്ന കണ്ണൂര്‍ സ്വദേശിയുടെയും കാളികാവ് സ്വദേശിയുടെയും കുടുംബസമേതമുള്ള അഭിമുഖ വീഡിയോ അന്‍വര്‍ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി ഒളിപ്പിച്ച് കടത്തിയ 300 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണ ക്യാപ്‌സൂളുകള്‍ പുളിക്കലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ എത്തിയപ്പോള്‍ 526 ഗ്രാമായി കുറഞ്ഞെന്ന് കാരിയര്‍ വ്യക്തമാക്കുന്നു. 374 ഗ്രാം എവിടെയെന്ന് അന്‍വര്‍ ചോദിച്ചു. കാളികാവ് സ്വദേശി കരിപ്പൂരില്‍ ഇറങ്ങി , മഞ്ചേരിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പോലീസ് പിടികൂടിയത്. രേഖയില്‍ സ്വര്‍ണത്തിന്റെ തൂക്കം വ്യക്തമാക്കുന്നുമില്ല. കൊണ്ടോട്ടിയിലെ എല്ലാവര്‍ക്കും പോലീസിന്റെ കള്ളക്കളി അറിയാം. എ ഡി ജി പിയെ വിശ്വസിക്കുന്ന മുഖ്യമന്ത്രിക്ക് മാത്രമാണ് ഇത് മനസ്സിലാകാത്തതെന്നും അന്‍വര്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തോട് എന്നും ബഹുമാനം
മലപ്പുറം | രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണം എന്ന വിവാദ പ്രസ്താവന മയപ്പെടുത്തി പി വി അന്‍വര്‍. ഗാന്ധി കുടുംബത്തോട് എന്നും ബഹുമാനമെന്ന് അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഇടതു മുന്നണിക്കായി വോട്ട് ചോദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയത്.
ഗാന്ധി എന്ന പേര് ചേര്‍ത്തുവിളിക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ എന്നും അന്‍വര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ കണ്ണുമടച്ച് വിമര്‍ശ ശരങ്ങള്‍ എറിയുമ്പോഴാണ് ‘രാഹുല്‍ വിമര്‍ശത്തെ’ അന്‍വര്‍ മയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സിലേക്കൊരു തിരിച്ചുപോക്ക് അന്‍വര്‍ മുന്നില്‍ കാണുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സാധ്യതയുള്ള ഒന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ ഈ പരാമര്‍ശം. ഈ വിമര്‍ശത്തിന് തിരുത്തല്‍ നല്‍കല്‍ കൂടിയായിരുന്നു ഇന്നലത്തെ അന്‍വറിന്റെ വാര്‍ത്താസമ്മേളനം.
രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധന എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ്സ് വോട്ട് പിടിക്കാന്‍ ഇറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തോട് എന്നും ബഹുമാനവും അടുപ്പവും പുലര്‍ത്തിയ കുടുംബമാണ് എന്റേത്. രാജീവ് ഗാന്ധി മരിക്കുന്നതിന്റെ മുമ്പ് മഞ്ചേരിയില്‍ വന്നതാണ്. അന്ന് കാറില്‍ കയറ്റാന്‍ എ കെ ആന്റണിയും കരുണാകരനും അവിടെ വന്നിട്ടും എന്റെ ബാപ്പാന്റെ കാറിലാണ് കയറിയത്. ആ കുടുംബത്തിന്റെ മേന്‍മ പറയാന്‍ അര്‍ഹതയുള്ള കുടുംബമാണ് എന്റേത്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ നിലപാടില്‍ എതിര്‍പ്പുണ്ട്. ആര്‍ എസ് എസിലേക്കും വര്‍ഗീയതയിലേക്കും പോകുമ്പോള്‍ അതിനോട് യോജിക്കാന്‍ കഴിയില്ല. രാഷ്ട്രീയ നിലപാടില്‍ കോണ്‍ഗ്രസ്സിന് വ്യതിചലനം വന്നതോടെയാണ് സെക്കുലര്‍ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. ആ സെക്കുലറിസം കൈവിട്ട് ചില നേതാക്കള്‍ സ്വന്തം കാര്യത്തിന് വേണ്ടി ആര്‍ എസ് എസിനും ബി ജെ പിക്കും അടിയറവ് വെക്കുന്ന നിലപാടിലേക്ക് പോകുമ്പോള്‍ അതിനൊപ്പം അന്‍വര്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.