വ്രതവിശുദ്ധി
ട്രോൾ മഴ കൊണ്ട് നനഞ്ഞവരെ ഓർത്തിട്ടുണ്ടോ
സ്‌കൂൾ അസംബ്ലി നടക്കുകയാണ്. പ്രസംഗിക്കുന്നതിനിടെ പ്രധാനാധ്യാപകൻ ക്ഷുഭിതനായി: ‘ഏഴ് ഡി ക്ലാസ്സിന്റെ വരിയുടെ അറ്റത്ത് നിൽക്കുന്ന കറുത്ത കുട്ടി ഇവിടെ വരൂ.’ ജാള്യതയോടെ കുട്ടി മുൻഭാഗത്തേക്ക് നടന്നു.
അടുത്തെത്താറായ കുട്ടിയുടെ അരികിലേക്ക് ഹെഡ്മാസ്റ്റർ രണ്ടടി നടന്നുവന്ന് ചെവിക്ക് പിടിച്ചു. ‘എന്താണെടാ നീ അവിടെ കാണിക്കുന്നത്’. ‘സാർ, തലകറങ്ങുന്നു’-കുട്ടി. അപ്പോഴേക്കും അവന്റെ തോൾ കൈയിൽ അദ്ദേഹത്തിന്റെ കൈപ്പത്തി പതിച്ചിരുന്നു. അയാൾ കുട്ടിയുടെ മുതുകിനുന്തി സിക്ക് റൂമിന്റെ ഭാഗത്തേക്ക് വിട്ടു…
ആത്മാഭിമാനം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. അതിനേൽക്കുന്ന പ്രഹരം ശരീരത്തിന് ഏൽക്കുന്നതിനെക്കാൾ വേദനയും വിഷമവും വരുത്തും. അവഹേളനം, അവജ്ഞത, അവഗണന എന്നിവയൊക്കെ അഭിമാനത്തെ സാരമായി ബാധിക്കുന്നവയാണ്.
അധ്യാപകൻ വിദ്യാർഥിയുടെയോ രക്ഷിതാവ് കുട്ടിയുടെയോ ധനികൻ ദരിദ്രന്റെയോ മുതലാളി തൊഴിലാളിയുടെയോ അഭിമാനം കളങ്കപ്പെടുത്തരുത്. എല്ലാവർക്കും അവരവരുടേത് വിലപ്പെട്ടതാണെന്നോർക്കുക.
ആരും ആരെയും പരിഹസിക്കരുത്. കാരണം പരിഹസിക്കപ്പെടുന്നവൻ പരിഹസിക്കുന്നവനെക്കാൾ നല്ലവനായിരിക്കും. സ്വന്തത്തെ ആക്ഷേപിക്കരുത്. പരസ്പരം ചീത്ത പേരുകൾ വിളിച്ച് അപമാനിക്കരുത്. ഇതെല്ലാം അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ മനുഷ്യർക്ക് നൽകുന്ന ഉദ്ബോധനങ്ങളാണ്.
നമുക്കിഷ്ടമില്ലാത്ത ആശയം പ്രചരിപ്പിക്കുന്നവരെ, എതിർ പാർട്ടി നേതാക്കളെ, ശത്രുക്കളെ, രാഷ്ട്രീയ പ്രതിയോഗികളെ അവരുടെ പ്രസംഗ ശകലങ്ങളും സംസാരത്തിന്റെ കട്ടിംഗുകളുമെടുത്ത് ട്രോളി ട്രോളി കൊല്ലുക. എന്നിട്ടും കലിതീരാഞ്ഞിട്ട് കൊള്ളിയിൽ കുത്തി നടക്കുക. ഈ ശൈലി ഉപേക്ഷിക്കേണ്ടതാണ്.
പരസ്യമായി ആക്ഷേപിക്കപ്പെടുന്നത് ഒരാൾക്ക് എത്രമാത്രം അപമാനകരമാണെന്നോർത്ത് നോക്കിയിട്ടുണ്ടോ. അവരുടെ കുടുംബത്തെ കുറിച്ച്, കുട്ടികളെക്കുറിച്ച്… ആൾക്കൂട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിനേൽക്കുന്ന ക്ഷതത്തിന്റെ വലിപ്പവും കൂടും.
വ്യക്തിഹത്യയുള്ള പോസ്റ്റുകളും ട്രോളുകളും നമ്മുടെ വിരൽ തുമ്പുകളിൽ നിന്ന് നൂറുകണക്കിന് ആളുകളിലേക്ക് പകരുമ്പോൾ അറിയാതെ നമ്മളും ആ ഭീമമായ തെറ്റിൽ പങ്കാളികളാകുമെന്നോർക്കുക. പരിഹാസ വാക്കുകളെ മാത്രമല്ല ഇസ്്ലാം നിരുത്സാഹപ്പെടുത്തുന്നത്. കൈകൊണ്ടും കണ്ണു കൊണ്ടും ആംഗ്യം കാണിച്ചുള്ള നിന്ദിക്കൽ വരെ നിഷിദ്ധമാണ്.
വാക്കുകൾ കൊണ്ടും സൂചനകൾ കൊണ്ടും ആളുകളെ വഷളാക്കുന്നവർക്കാണ് കടുത്ത ശിക്ഷയുള്ളത്. (സൂറതുൽ ഹുമസ- 1)
തുടർന്നുള്ള ആയത്തുകളിൽ അവർക്കുള്ള കഠിനമായ ശിക്ഷാ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാം കത്തിച്ചാമ്പലായി പോകുന്ന അഗ്നിശിക്ഷക്കവരെ വിധേയമാക്കുമെന്ന കനത്ത താക്കീതോടെയാണീ അധ്യായം അവസാനിക്കുന്നത്.