തെളിയോളം
തല വലുതാവണോ?
ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ചിലപ്പോൾ അധികാരത്തിലെത്താൻ ആർക്കും കഴിഞ്ഞേക്കാം.എന്നാൽ അവർക്ക് ആ സ്ഥാനത്ത് അധിക കാലം നേതാക്കളായി തുടരാൻ ആകില്ല. കാരണം, നേതൃസ്ഥാനങ്ങൾ ഒരു യുദ്ധമേഖലയല്ല; അണികളാരും രാജകീയ പ്രജകളായിരിക്കാൻ ആഗ്രഹിക്കുന്നവരുമല്ല.
“ഒരു വലിയ കസേര ഒരിക്കലും രാജാവിനെ ഉണ്ടാക്കില്ല’ എന്നൊരു പഴമൊഴിയുണ്ട്. തനിക്ക് മറ്റുള്ളവരേക്കാൾ നിലയും വിലയും ഭൗതിക സാഹചര്യങ്ങളും ഉള്ളതുകൊണ്ട് താനാണ് നേതാവാകാൻ കേമൻ എന്ന് വിചാരിക്കുന്നവരെ കണ്ടിട്ടില്ലേ നിങ്ങൾ?. പണവും പ്രതാപവും മറ്റെല്ലാ സുഖസൗകര്യങ്ങളും മേളിച്ച ഒരാളെ ചൂണ്ടി “അയാളാണ് മൂപ്പനാകാൻ യോഗ്യൻ’ എന്ന് വിളിച്ചു പറയുന്നവരെയും കാണാറുണ്ട്.
നയിക്കാനുള്ള യോഗ്യത സമ്പന്നതയിലും തടിമിടുക്കിലും മറ്റുള്ളവരെ കവച്ചു വെക്കുന്നു എന്നതല്ല, മറ്റുള്ളവരെ സ്വാധീനിക്കാൻ പോന്ന ഗുണവിശേഷങ്ങൾ ഉണ്ടായിരിക്കുക എന്നതാണ്. നേതൃസ്ഥാനങ്ങളെ തൻപോരിമയുടെ പ്രദർശനവേദിയാക്കി മാറ്റുന്നവർ പലപ്പോഴും സ്വന്തമായി ഒരു കസേരയുണ്ട് എന്ന ഒറ്റ മേന്മ കൊണ്ട് ആ സ്ഥാനത്ത് അവരോധിതരായവരായിരിക്കും. “നിങ്ങൾക്ക് ബയണറ്റുകൾ ഉപയോഗിച്ച് ഒരു സിംഹാസനം നിർമിക്കാം, പക്ഷേ, അതിൽ അധികനേരം ഇരിക്കാൻ കഴിയില്ല.’ എന്ന് ബോറിസ് യെൽറ്റ്സിൻ.
ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ചിലപ്പോൾ അധികാരത്തിലെത്താൻ ആർക്കും കഴിഞ്ഞേക്കാം.എന്നാൽ അവർക്ക് ആ സ്ഥാനത്ത് അധിക കാലം നേതാക്കളായി തുടരാൻ ആകില്ല. കാരണം, നേതൃസ്ഥാനങ്ങൾ ഒരു യുദ്ധമേഖലയല്ല; അണികളാരും രാജകീയ പ്രജകളായിരിക്കാൻ ആഗ്രഹിക്കുന്നവരുമല്ല.
മറ്റുള്ളവർ അവരുടെ സ്വന്തം ഇഷ്ടം പിന്തുടരട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് ഫലപ്രദമായ നേതാക്കൾ. അവനവനെത്തന്നെ ഒരു വലിയ സാധ്യതയായി മാറ്റുന്നതോടൊപ്പം മറ്റുള്ളവർക്ക് ഒരു ബാധ്യതയാകാത്തവൻ. ഒരു നേതാവില്‍നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത്, അയാള്‍ മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുന്നവനായിരിക്കണമെന്നാണ്. ഇതിനയാള്‍ അതിമാനുഷനൊന്നും ആകണമെന്നില്ല. എല്ലാറ്റിനെക്കുറിച്ചും അറിവുണ്ടായിരിക്കണമെന്നുമില്ല. നാം അനുഭവിച്ച ഭൂരിഭാഗം നേതാക്കന്മാരും ഏറെയൊന്നും അറിവുള്ളവരല്ല. തങ്ങൾക്ക് എല്ലാം അറിയാമെന്ന് കരുതുന്ന ആളുകൾ അത് ചെയ്യുന്നവർക്ക് വലിയ ശല്യമാണ് എന്ന് ഐസക് അസിമോവ്.
മറ്റുള്ളവർക്ക് മനസ്സിലാക്കാതെ പോകുന്ന ചില പ്രത്യേക കാര്യങ്ങള്‍ നേതാക്കൾക്ക് മനസ്സിലാകും. പൊതുവായ ഒരു സവിശേഷ ലക്ഷ്യം നേടുന്നതിനായി ആളുകളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള പ്രത്യേക ശേഷികൾ എമ്പാടും മേളിച്ച ഇത്തരക്കാരെയാണ് നേതാക്കന്മാരായി കാണാൻ ആരും ആഗ്രഹിക്കുക. ഒരാൾ ചെയ്യുന്ന എല്ലാ പ്രവൃത്തിയിലും അയാളാരെന്നുള്ളത്, അഥവാ, അയാളുടെ മനസ്സും വികാരങ്ങളും തത്സമയത്തെ അവസ്ഥകളും, പ്രതിഫലിക്കുന്നുണ്ട്.
നേതൃപദവിയിലേക്കെത്തിയാല്‍, നമ്മിലുണ്ടാകുന്ന എല്ലാ ചിന്തകളും വികാരങ്ങളും നമ്മുടെ പ്രവൃത്തികളും, നേതൃഗുണങ്ങളുടെ മികവിനൊത്ത് നൂറുകണക്കിനോ ആയിരക്കണക്കിനോ മില്യണ്‍ കണക്കിനോ ആയ, അനേകമാളുകളെ സ്വാധീനിക്കുന്നു. അതുകൊണ്ട്, നേതാവാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, ലോകത്ത് താന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ, ഉള്ളുകൊണ്ട് താൻ എപ്രകാരമാണ് എന്നതിനെക്കുറിച്ചും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
ഒരു നേതാവ് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും പാലിക്കേണ്ട മികച്ച സന്തുലിതാവസ്ഥയെപ്പറ്റി വ്യക്തിത്വ വികസന പരിശീലകനും ഗ്രന്ഥകർത്താവുമായ ജിം റോൺ പറയുന്ന കാര്യങ്ങളിവയാണ്.നേതാവ് ശക്തനും ഉറപ്പുള്ളവനുമായിരിക്കണം, എന്നാൽ മറ്റുള്ളവരോട് പരുഷമായി പെരുമാറുകയോ അനാദരവ് കാണിക്കുകയോ ചെയ്യരുത്. അവർ മറ്റുള്ളവരോട് ദയയും അനുകമ്പയും ഉള്ളവരായിരിക്കണം, പക്ഷേ ബലഹീനതകളിൽ ആണ്ടുപോയവരാകരുത്. നേതാക്കൾ അവരുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കണം, എന്നാൽ മറ്റുള്ളവരോട് അമിതമായ ആക്രമണോത്സുകതയും ഭയപ്പെടുത്തലും പ്രകടിപ്പിക്കുന്നവരാകരുത്.
മറ്റുള്ളവരോടുള്ള അവരുടെ മനോഭാവത്തിൽ വിനയം തുടിക്കണം, പക്ഷേ തീരുമാനങ്ങൾ എടുക്കുന്നതിൽ ഭീരുത്വം കാണിക്കരുത്. നേട്ടങ്ങളിൽ അഭിമാനിക്കുന്നവരാകണം, എന്നാൽ അഹങ്കാരികളോ സ്വയം കേന്ദ്രീകൃതരോ ആവരുത്. നർമബോധം ഉണ്ടായിരിക്കണം, എന്നാൽ വിഡ്ഢികളാവുകയോ ഗുരുതരമായ സാഹചര്യങ്ങളെ നിസ്സാരമാക്കുന്നവരാകുകയോ ചെയ്യാതെ ജീവിതത്തിന്റെ ലഘുവായ വശം ഉൾക്കൊള്ളാൻ കഴിയുന്നവരാകണം. ഓടിക്കയറി കസേരയിൽ ഇരിക്കുന്ന ആളെ കണ്ട് “നേതാവേ’ എന്ന് മുഷ്ടി ചുരുട്ടാൻ തുടങ്ങുമ്പോൾ “തല വലുതാകാൻ അനുവദിച്ചാൽ, അത് നിങ്ങളുടെ കഴുത്ത് തകർക്കും.’ എന്ന എൽവിസ് പ്രെസ്ലിയുടെ വചനം ഓർക്കേണ്ടതുണ്ട്.