Connect with us

editorial

വായുയാൻ വിധേയക് ബില്ലിൽ പ്രതീക്ഷവെക്കണോ ?

വിമാനക്കമ്പനികളോടല്ല, രാജ്യത്തെ നികുതിദായകരായ പൊതുസമൂഹത്തോടാണ് ഭരണകൂടത്തിന് കൂടുതൽ ഉത്തരവാദിത്വമെന്ന വസ്തുത കണക്കിലെടുത്ത് ഇക്കാര്യത്തിൽ പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ട് സർക്കാർ. ഭാരതീയ വായുയാൻ വിധേയക് ബില്ലിലെ മാറ്റങ്ങൾ കൊണ്ട് ടിക്കറ്റ് നിരക്ക് കുറയുമെന്ന് മന്ത്രി മുരളീധർ മൊഹൊൽ തന്നെ ഉറപ്പ് പറയുന്നില്ല.

Published

|

Last Updated

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റങ്ങൾ 24 മണിക്കൂറിനുള്ളിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ (ഡി ജി സി എ)അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തുകളയുകയാണ് കേന്ദ്ര സർക്കാർ. നിലവിലുള്ള എയർ ക്രാഫ്റ്റ് ആക്ടിന് പകരമായി അവതരിപ്പിച്ച ഭാരതീയ വായുയാൻ വിധേയക് ബില്ലിന്റെ ചർച്ചക്കിടെ രാജ്യസഭയിൽ വ്യോമയാന സഹമന്ത്രി മുരളീധർ മൊഹൊൽ ആണ് ഇക്കാര്യമറിയിച്ചത്. വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് കൊള്ള തടയുകയാണത്രേ ലക്ഷ്യം. നിലവിൽ വിമാനടിക്കറ്റ് നിരക്ക് കമ്പനികൾ ഏകപക്ഷീയമായാണ് തീരുമാനിക്കുന്നത്. സർക്കാറിന് ഇത് നിയന്ത്രിക്കാൻ വകുപ്പില്ല.

നിയമഭേദഗതിയിലുടെ നിയന്ത്രണം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറയുന്നു.
പ്രവാസികൾ, വിശിഷ്യാ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നമാണ് ഉയർന്ന വിമാനടിക്കറ്റ് നിരക്ക്. പെരുന്നാൾ, ഓണം തുടങ്ങി ആഘോഷവേളകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി ഘട്ടത്തിലും പ്രത്യേകിച്ചും.

യാത്രാദൂരം, ഇന്ധന ചാർജ്, സർചാർജ്, എയർപോർട്ട് യൂസേഴ്‌സ് ഫീ, വിവിധ നികുതികൾ, ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള സേവന ഫീസ് തുടങ്ങിയവ അടിസ്ഥാനമാക്കി വിമാനങ്ങളുടെ പ്രവർത്തനച്ചെലവിന് അനുസൃതമായി ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ് മര്യാദയെങ്കിലും തോന്നുംപടിയാണ് വിമാനക്കമ്പനികൾ നിരക്ക് നിശ്ചയിക്കുന്നത്. മറ്റു സമയങ്ങളിൽ ഈടാക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി വരെ ഈടാക്കുന്നു ഉത്സവ സീസണിൽ. ആസന്നമായ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ വരുത്തിയ വർധയിൽ ഇത് പ്രകടമാണ്.

6,000 മുതൽ 11,000 വരെയായിരുന്ന ദുബൈ- കോഴിക്കോട് നിരക്ക് നവംബർ അവസാനത്തിൽ 24,500 രൂപയായും 12,000 രൂപയിൽ താഴെയായിരുന്ന ജിദ്ദ- കോഴിക്കോട് നിരക്ക് 40,500 രൂപ വരെയായും കുത്തനെ ഉയർത്തി. ഡിസംബർ പാതിയാകുമ്പോഴേക്കും ഇനിയും ഉയരാൻ സാധ്യതയുണ്ട്. ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന് നാട്ടിൽ വരുന്ന കേരളീയരെയും ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ലക്ഷ്യംവെച്ച് ദുബൈയിലേക്ക് പറക്കുന്നവരെയും മുന്നിൽക്കണ്ടാണ് ഈ വർധന. ആഘോഷ വേളകളിൽ മറ്റ് സെക്ടറുകളിലേക്കും വിമാനക്കമ്പനികൾ നിരക്ക് വർധന വരുത്താറുണ്ടെങ്കിലും അതുപക്ഷേ പത്ത് മുതൽ 30 ശതമാനത്തിൽ കൂടാറില്ല. ദുബൈയിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള രാജ്യമാണ് ഈജിപ്ത്. സാധാരണ ഗതിയിൽ 10,000 രൂപയാണ് ഈ സെക്ടറിലെ യാത്രാ കൂലി. ഡിസംബറിൽ ഇത് 13,000 വരെയായി മാത്രമേ വർധിക്കാറുള്ളു.

അതേസമയം, അവധിക്ക് നാട്ടിൽ വരാൻ ഉദ്ദേശിക്കുന്ന മലയാളികളുടെ നടുവൊടിക്കുന്നതരത്തിൽ നാല് ഇരട്ടി വരെയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വരുത്തുന്ന വർധന.

കമ്പനികൾ വരുത്തുന്ന നിരക്കുവർധനക്ക് പുറമെ, സീസണുകളിലെ തിരക്ക് മുന്നിൽക്കണ്ട് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ നേരത്തേ വാങ്ങിക്കൂട്ടുന്നതും നിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബസമേതമാണ് പലരും ഗൾഫ് നാടുകളിൽ താമസിക്കുന്നത്. കുടുംബമൊന്നിച്ച് നാട്ടിൽ വന്ന് തിരിച്ചുപോകണമെങ്കിൽ വിമാനക്കൂലിയിനത്തിൽ ലക്ഷങ്ങൾ മുടക്കണം. ഒന്നോ രണ്ടോ വർഷം അധ്വാനിച്ചുണ്ടാക്കിയ പണമാകെ വിമാനക്കമ്പനികൾക്ക് നൽകി എന്തിന് നാട്ടിൽ പോകണമെന്ന ചിന്തയിൽ മലയാളികളിൽ നല്ലൊരു വിഭാഗം ഈ സീസണിൽ യാത്ര നീട്ടിവെച്ചതായാണ് വിവരം.

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തേക്കാൾ ദൂരക്കൂടുതലുള്ള ഇതര രാജ്യങ്ങളിലേക്ക് വിമാനക്കൂലി ആപേക്ഷികമായി കുറവാണ്. കേരള- ഗൾഫ് സെക്ടറിലെ വർധിതമായ തോതിലുള്ള യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികൾ. ഇതിനെതിരെ നടപടി സ്വീകരിക്കുകയും ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ ഇടപെടുകയും വേണമെന്നാവശ്യപ്പെട്ട് ഗൾഫ് മലയാളികൾ നിരന്തരം രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയും മറ്റു കേന്ദ്ര സർക്കാർ പ്രതിനിധികളും ഗൾഫ് നാടുകൾ സന്ദർശിക്കുമ്പോൾ നിരന്തരം നിവേദനം നൽകിവരുന്നു. ഇവ്വിഷയകമായി 2023 മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയുമുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാനക്കമ്പനികളുമായി പ്രധാനമന്ത്രി ചർച്ച നടത്തണമെന്നും ചാർട്ടേഡ് വിമാന സർവീസ് നടത്താൻ കേരളത്തിന് അനുമതി നൽകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയുണ്ടങ്കിൽ മാത്രമേ വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപറേറ്റർമാർക്ക് ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്താനാകുകയുള്ളൂ.

കാലങ്ങളായി ഉന്നയിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട് കേരള പ്രവാസി അസ്സോസിയേഷൻ. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം നൽകുന്ന ഇന്ത്യൻ എയർഫോഴ്‌സ് ആക്ടിലെ റൂൾ 135നെ ഹരജിയിൽ ചോദ്യം ചെയ്യുകയും ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഹരജി പരിഗണിച്ച് കോടതിയിൽ നിന്ന് എന്തെങ്കിലും ഉത്തരവുണ്ടായാൽ തന്നെ നടപ്പാക്കേണ്ടത് സർക്കാറാണ്.

വിമാനക്കമ്പനികളോടല്ല, രാജ്യത്തെ നികുതിദായകരായ പൊതുസമൂഹത്തോടാണ് ഭരണകൂടത്തിന് കൂടുതൽ ഉത്തരവാദിത്വമെന്ന വസ്തുത കണക്കിലെടുത്ത് ഇക്കാര്യത്തിൽ പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ട് സർക്കാർ. എയർ ക്രാഫ്റ്റ് ആക്ടിനു പകരം കൊണ്ടുവന്ന ഭാരതീയ വായുയാൻ വിധേയക് ബില്ലിലെ മാറ്റങ്ങൾ കൊണ്ട് ടിക്കറ്റ് നിരക്ക് കുറയുമെന്ന് മന്ത്രി മുരളീധർ മൊഹൊൽ തന്നെ ഉറപ്പ് പറയുന്നില്ല. പുതിയ ബില്ല് വിമാന യാത്രക്കാരുടെ താത്പര്യങ്ങൾ പരിഗണിക്കുന്നതിൽ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ പ്രതിപക്ഷ എം പിമാരും സഭയിൽ സംശയം പ്രകടിപ്പിക്കു
കയുണ്ടായി.

Latest