International
ഡോക്കിങ് വിജയകരം; ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍
പുതിയ സംഘം എത്തിയതോടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ള ക്രൂ സംഘം ഈമാസം 19ന് (ബുധന്‍) ഭൂമിയിലേക്കു മടങ്ങും.

ഫ്‌ളോറിഡ | സ്‌പേസ് എക്‌സ് ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍. ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പുതിയ സംഘം എത്തിയതോടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ള ക്രൂ സംഘം ഈമാസം 19ന് (ബുധന്‍) ഭൂമിയിലേക്കു മടങ്ങും.
ഇന്ത്യന്‍ സമയം 10.30 ഓടെയാണ് ആനി മക്ലിന്‍, നിക്കോളാസ് അയേഴ്സ്, തക്കുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. പ്രതീക്ഷിച്ചതിലും മൂന്ന് മിനിട്ടുകള്‍ക്ക് മുമ്പായി ഇന്ത്യന്‍ സമയം രാവിലെ 9.34 നാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവര്‍ പുതിയ സംഘത്തെ സ്വീകരിച്ചു. ബഹിരാകാശ നിലയത്തില്‍ നിന്ന് ക്രൂ-9 പേടകം വേര്‍പെടുന്നതും പേടകം ഫ്‌ളോറിഡക്കടുത്ത് അത്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച വിവരങ്ങള്‍ നാസ ഇന്ന് പുറത്തുവിടും.
ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരാണ് സുനിതക്കൊപ്പം 19ന് ഭൂമിയിലേക്ക് മടങ്ങുക.