National
ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസ്; വിധിക്ക് കാതോര്‍ത്ത് രാജ്യം
കൊല്‍ക്കത്ത സീല്‍ദാ സെഷന്‍സ് കോടതി നാളെ വിധി പറയും
കൊല്‍ക്കത്ത | കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി നാളെ അറിയാം. കൊല്‍ക്കത്ത സീല്‍ദാ സെഷന്‍സ് കോടതിയാണ് രാജ്യം കാതോര്‍ക്കുന്ന വിധി പുറപ്പെടുവിക്കുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി.
സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ പ്രതി സഞ്ജയ് റോയി എന്ന പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക സന്നദ്ധ സേനാംഗമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്ന പ്രതി. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.